vshabada

ആറ്റിങ്ങൽ: ഇളമ്പ സർക്കാർ സ്‌കൂളിലെ എൻ.എസ്.എസ്, എസ്.പി.സി ക്യാമ്പിൽ പങ്കെടുത്ത 13 വിദ്യാർത്ഥിനികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറുവേദനയുമായി വിദ്യാർത്ഥിനികൾ ആറ്റിങ്ങൽ വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം മൂന്നുകുട്ടികളെ തിരുവനന്തപുരം മെഡി. കോളേജിലേക്ക് മാറ്റി. ഇളമ്പ ഗവ. എച്ച്.എസ്.എസിൽ നടക്കുന്ന ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളായ ആദിയ, ആര്യ, അരുണിമ, അനഘ, ശ്രീപാർവതി, ആദിത്യ, രഞ്ചിമ, മീനാക്ഷി, ആദിത്യ അജേഷ്, സുഹ്റ, അഭയ, ജാനി, അമൃത കൃഷ്ണ എന്നിവരാണ് ചികിത്സ തേടിയത്. ക്യാമ്പിൽ നിന്ന് പ്രഭാത ഭക്ഷണമായ ഇഡ്ഡലിയും സാമ്പാറും കഴിച്ചശേഷം രാവിലെ 11ഓടെയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ക്യാമ്പിൽ നിലവിൽ 85 പേരുണ്ട്. ഇതിൽ 13 പേർക്ക് മാത്രം എങ്ങനെ ഭക്ഷ്യവിഷബാധയേറ്റു എന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ഭക്ഷണ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. വൈകിട്ട് ക്യാമ്പിൽ കഴിയുന്നവരുടെ രക്ഷിതാക്കൾ സന്ദർശനത്തിനായി എത്തുമ്പോൾ മധുരപലഹാരങ്ങളും പാനീയങ്ങളും ആഹാരസാധനങ്ങളും നൽകാറുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന ഭക്ഷണം കുട്ടികൾ പങ്കിടാറുമുണ്ട്. ഇവയിൽ നിന്ന് വിഷബാധ ഉണ്ടാകാമെന്നും ബന്ധപ്പെട്ടവർ പറയുന്നു. നഗരസഭാ ചെയർപഴ്സൺ അഡ്വ. എസ്. കുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ എന്നിവർ ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു.