വെഞ്ഞാറമൂട്: പ്രൊഫ.ജി.ശങ്കരപ്പിള്ള മെമ്മോറിയൽ സെന്ററിന്റെയും ആലന്തറ രംഗപ്രഭാതിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൊഫ.ജി. ശങ്കരപ്പിള്ളയുടെ 33-ാം ചരമവാർഷികം 'ശങ്കരസ്മൃതി 2023" ഇന്ന് ആരംഭിക്കും. 3 ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവത്തിന്റെയും അനുസ്മരണ പ്രഭാഷണങ്ങളുടെയും ഉദ്ഘാടനം വൈകിട്ട് 6ന് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.പ്രൊഫ ജി.ശങ്കരപ്പിള്ള മെമ്മോറിയൽ ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.എ.രത്നാകര൯ കോഴിക്കോട് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് രാത്രി 7.30ന് പ്രൊഫ ജി.ശങ്കരപ്പിള്ള എഴുതി പി.എസ് അഭിഷേക് സംവിധാനം ചെയ്ത് രംഗപ്രഭാത് അവതരിപ്പിക്കുന്ന നാടകം 'ഏതോചിറകടിയൊച്ചകൾ". തിങ്കളാഴ്ച വൈകിട്ട് 6.30ന് ജി.ശങ്കരപ്പിള്ളയും ഫോക് തീയേറ്ററും എന്ന വിഷയത്തിൽ കരുഞ്ചുഴി അറുമുഖം നാടക പ്രഭാഷണം നടത്തും. തുട൪ന്ന് 7 മണിക്ക് പ്രൊഫ ജി.ശങ്കരപ്പിള്ള എഴുതി എ.ഇ.അഷ്റഫ് സംവിധാനം ചെയ്ത ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റ൪ അവതരിപ്പിക്കുന്ന നാടകം ബന്ദി. ചൊവ്വ വൈകിട്ട് 6.30ന് ശങ്കരപ്പിള്ള അനുസ്മരണത്തിൽ സിനിമാ സീരിയൽ നട൯ മുരുകേഷ് സംസാരിക്കും. തുടർന്ന് 7 മണിക്ക് പ്രൊഫ ജി.ശങ്കരപ്പിള്ള എഴുതി അഭിഷേക് പി. എസ്. സംവിധാനം നിർവഹിച്ച് ശങ്കരപ്പിള്ള മെമ്മോറിയൽ സെന്ററിന്റെ താവളം എന്ന നാടകവും അവതരിപ്പിക്കും.