
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ആനുകൂല്യം ഏപ്രിലിൽ സറണ്ടർ ചെയ്ത് പണം കൈപ്പറ്റാം. ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണിത്. മുൻ വർഷത്തെ ലീവ് സറണ്ടർ മാർച്ച് 20ന് ശേഷം പ്രാബല്യത്തിൽ വരും വിധം പി.എഫിൽ ലയിപ്പിക്കും. നാലു വർഷത്തിന് ശേഷം പിൻവലിക്കാം.
സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുള്ള ഉത്തരവ് അതിരൂക്ഷമായ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് ഡിസംബർ 31 വരെ നീട്ടിയിരുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് 2020 മുതൽ മരവിപ്പിച്ചത്. 2020-21ലെ ആനുകൂല്യം കഴിഞ്ഞ വർഷം പി.എഫിൽ ലയിപ്പിച്ചിരുന്നു. 2021-22ലെ ആനുകൂല്യവും പി.എഫിലേക്ക് പോകും.
4 ഗഡു ക്ഷാമബത്ത
കുടിശികയും
ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത കുടിശികയുമുണ്ട്. 2022 ജൂലായിൽ ക്ഷാമബത്ത 4 ശതമാനം കൂട്ടിയതോടെ കേന്ദ്ര ഡി.എ നിരക്ക് 34ൽ നിന്ന് 38 ശതമാനമായി. ഇതോടെ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും നാലുഗഡു ക്ഷാമബത്ത കുടിശികയായി. നിലവിൽ 7ശതമാനം ക്ഷാമബത്തയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് 2020 ജൂലായിലെ നിരക്കാണ്. 2021 ജനുവരി, ജൂലായ്, 2022 ജനുവരി, ജൂലായ് എന്നീ ഗഡുക്കളാണ് ഇനി ലഭിക്കാനുള്ളത്. ഇത് മൊത്തം പതിനൊന്ന് ശതമാനം വരും. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ഡി.എ.യുടെ തന്നെ രണ്ടുഗഡുവും കിട്ടാനുണ്ട്.
ലീവ് സറണ്ടർ ഇടത് സർക്കാർ നൽകില്ലെന്ന് ഉറപ്പാക്കി:ഫെറ്റോ
തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ കഴിഞ്ഞ 3 വർഷമായി പിണറായി സർക്കാർ കവർന്നെടുത്ത ലീവ് സറണ്ടർ ആനുകൂല്യം ഈ സർക്കാരിന്റെ കാലത്ത് നൽകില്ലായെന്ന് പുതിയ ഉത്തരവിലൂടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയിരിക്കുകയാണെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാറും ജനറൽ സെക്രട്ടറി പി.എസ്.ഗോപകുമാറും ആരോപിച്ചു.
2020ലും 2021ലും തടഞ്ഞുവയ്ക്കപ്പെട്ട ലീവ് സറണ്ടറിനെ കുറിച്ച് മിണ്ടാത്ത ധനമന്ത്രി 2022ലെ ലീവ് സറണ്ടർ നാല് വർഷത്തിന് ശേഷം ലഭ്യമാക്കുകയുള്ളുവെന്ന് ഉത്തരവാക്കി ജീവനക്കാരെ കബളിപ്പിക്കുകയായിരുന്നു.
നാല് വർഷം കഴിഞ്ഞ് ലഭിക്കുന്ന ആനുകൂല്യത്തിന് നികുതി നൽകേണ്ട അവസ്ഥയാണ് പുതിയ ഉത്തരവിലൂടെ ജീവനക്കാർക്ക് വന്നത്.സർക്കാർ വഞ്ചനയിൽ പ്രതിഷേധിച്ച് ജനുവരി 3ന് സംസ്ഥാന വ്യാപകമായി ഫെറ്റോ പ്രതിഷേധദിനം ആചരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ലീവ് സറണ്ടർ:സർക്കാരിനെ അഭിനന്ദിച്ചു
തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ അനുവദിക്കുന്നതിലെ നിയന്ത്രണം നീക്കിയ സംസ്ഥാന സർക്കാരിനെ കേരള ഗവ. നേഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. സുബ്രമണ്യൻ അഭിനന്ദിച്ചു.