പുതിയ എസ്.എഫ്.ഐ ഭാരവാഹികളെ അംഗീകരിച്ചു
തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രചാരണത്തിൽ പങ്കെടുത്തശേഷം ബാറിൽ പോയി മദ്യപിച്ചെന്ന ആക്ഷേപത്തിൽ ഡി.വൈ.എഫ്.ഐയിൽ നിന്നും പിന്നീട് വിവിധ ആരോപണങ്ങളെ തുടർന്ന് സി.പി.എമ്മിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും നീക്കപ്പെട്ട അഭിജിത്തിനെതിരെ സഹപ്രവർത്തക നൽകിയ പരാതിയിൽ ഏകാംഗ കമ്മിഷനെ അന്വേഷണത്തിന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.ഷൈലജ ബീഗമാണ് ആരോപണം അന്വേഷിക്കുക.
അതിനിടെ, ഇന്നലെ ചേർന്ന എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി യോഗം പുതിയ ഭാരവാഹികളെ അംഗീകരിച്ചു. ജില്ലാ പ്രസിഡന്റായി ആദിത്യനെയും സെക്രട്ടറിയായി ആദർശിനെയുമാണ് തിരഞ്ഞെടുത്തത്. വഴിവിട്ട പ്രവർത്തനത്തിന്റെ പേരിൽ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റായിരുന്ന ജോബിൻ ജോസഫിനെയും സെക്രട്ടറിയായിരുന്ന ഗോകുൽ ഗോപിനാഥിനെയും സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവർക്ക് പകരക്കാരെ നിശ്ചയിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എസ്.എഫ്.ഐ ജില്ലാ ഫ്രാക്‌ഷൻ യോഗത്തിൽ ധാരണയായിരുന്നു.