തിരുവനന്തപുരം:കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ സാങ്കേതിക പരിശോധനയ്‌ക്കായി മേയറുടെ ഓഫീസിലെ കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌കുകളും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന ഡി.ആർ.അനിലിന്റെ മൊബൈൽ ഫോണും കൈമാറി. വിവാദമായ കത്തുകൾ തയ്യാറാക്കിയത് ഏത് ഉപകരണത്തിൽ നിന്നാണെന്ന് കണ്ടത്താനാണ് പരിശോധന.എന്നാൽ ഈ കമ്പ്യൂട്ടറുകളിലെ ഹാർഡ് ഡിസ്‌ക്കുകൾ ആരോപണം ഉയർന്നപ്പോൾ തന്നെ മുക്കിയതായി ബി.ജെ.പി ആരോപിച്ചിരുന്നു.ഇതടക്കം പരിശോധനയിൽ വെളിവാകുമെന്നാണ് സൂചന.അഞ്ചു കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌കുകളും മൊബൈൽ ഫോണുമാണ് ഫോറൻസിക് സയൻസ് ലാബിൽ പരിശോധിക്കുന്നത്.ഡിലീറ്റ് ചെയ്ത വിവരങ്ങളടക്കം വീണ്ടെടുക്കും.പരിശോധന ഒരാഴ്ചയിൽ കൂടുതൽ നീളുമെന്നാണ് സൂചന. മേയറുടെ കമ്പ്യൂട്ടറും ലാപ്‌ടോപും പരിശോധനയ്‌ക്ക് നൽകിയിട്ടില്ല. ഉപകരണങ്ങൾ കോടതി മുഖേന ഫോറൻസിക് ലാബിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ നടപടികൾ ഇഴഞ്ഞ് നീങ്ങുകയാണെന്നും കേസൊതുക്കാൻ കൂട്ടുനിൽക്കുയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.അതേസമയം കോർപ്പറേഷനിലെ കൂടുതൽ പേരെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.