തിരുവനന്തപുരം: നഗരസഭയിലെ ഭരണമുന്നണി തീരുമാനങ്ങളിൽ ഘടകകക്ഷികളെ നിരന്തരം അവഗണിക്കുന്നുവെന്ന് പരിഭവിച്ച് ഇന്നലെ നടന്ന നവീകരിച്ച പുത്തരിക്കണ്ടം മൈതാനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സി.പി.ഐ കൗൺസിലർമാർ കൂട്ടത്തോടെ ബഹിഷ്കരിച്ചു. നഗരത്തിന്റെ അഭിമാനപദ്ധതിയായിട്ടും തലസ്ഥാനത്ത് നിന്നുള്ള സി.പി.ഐ മന്ത്രിയായ ജി.ആർ. അനിലിനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തത് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയെ അവഹേളിക്കലാണെന്നാണ് പാർട്ടിയുടെ പരാതി. കോർപ്പറേഷനിലെ കത്ത് വിവാദം ചർച്ച ചെയ്യാനായി കഴിഞ്ഞാഴ്ച എൽ.ഡി.എഫ് നഗരസഭാ എക്സിക്യൂട്ടീവ് കമ്മിറ്റി സി.പി.എം ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് യോഗം ചേർന്നപ്പോൾ ഘടകകക്ഷികളെ നിരന്തരം അവഗണിക്കുകയാണെന്ന പരാതി കോൺഗ്രസ്-എസിലെ പാളയം രാജൻ ഉന്നയിച്ചിരുന്നു. ഇനിയങ്ങനെ ഉണ്ടാവില്ലെന്നും എല്ലാ മാസവും എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുചേർത്ത് വിഷയങ്ങൾ കൂട്ടായി ചർച്ച ചെയ്യാമെന്നും ആനാവൂർ നാഗപ്പൻ യോഗത്തിൽ വ്യക്തമാക്കി.എന്നിട്ടും അതിന് പിന്നാലെ സി.പി.ഐയോട് ആലോചിക്കാതെ നവീകരിച്ച പുത്തരിക്കണ്ടം മൈതാനത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അതിഥികളെ നിശ്ചയിച്ചുവെന്നാണ് നേതൃത്വത്തിന്റെ പരാതി.കത്ത് വിവാദത്തിൽ മേയർക്ക് ശക്തമായ പ്രതിരോധം തീർത്ത ഡെപ്യൂട്ടി മേയർ പി.കെ. രാജു ഉൾപ്പെടെ സി.പി.ഐയുടെ ഒമ്പത് കൗൺസിലർമാരും ഇന്നലത്തെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം പ്രകടിപ്പിച്ചു. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
കോർപ്പറേഷൻ ഭരണം മൂന്ന് വർഷം പിന്നിടുമ്പോൾ ഭരണമുന്നണിക്കകത്ത് പുറപ്പെട്ട അസ്വാരസ്യം ജില്ലാ സി.പി.എം നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. കത്ത് വിവാദത്തിലെ പ്രതിപക്ഷ പ്രതിഷേധം ഒരുവിധം അവസാനിപ്പിച്ചപ്പോഴാണ് സ്വന്തം മുന്നണിക്കകത്ത് തന്നെ പടലപ്പിണക്കം ഉടലെടുത്തിരിക്കുന്നത്. നഗരസഭയുടെ അഭിമാന പരിപാടിയായി നിശ്ചയിച്ച ചടങ്ങ് ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ തന്നെ ബഹിഷ്കരിച്ചത് പ്രതിപക്ഷവും ആയുധമാക്കിയേക്കും. അവഗണനയിലുള്ള സി.പി.ഐയുടെ പരാതി സി.പി.എം ജില്ലാ നേതൃത്വത്തെ അറിയിക്കാനാണ് ആലോചന.