തിരുവനന്തപുരം: ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ് മരിച്ച
പേട്ട ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറുടെ മൃതദേഹം സംസ്കരിച്ചു. ആനയറ കുടവൂർ ടി.സി 92/1009 രോഹിണിയിൽ ആർ.ജയകുമാറിന്റെ (മണികണ്ഠൻ - 57) മൃതദേഹമാണ് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരും ബി.എം.എസ് പ്രവർത്തകരും അന്ത്യോപചാരം അർപ്പിച്ചു. ഗൾഫിലായിരുന്ന ഇളയ മകൾ ചിത്ര പിതാവിന്റെ മരണമറിഞ്ഞ് നാട്ടിലെത്തിയിരുന്നു.
ജയകുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതി കൈതമുക്ക് സ്വദേശി വിഷ്ണു പിടിയിലായി. ഇന്നലെ രാത്രിയോടെ നഗരത്തിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. വെള്ളിയാഴ്ച രാവിലെ 11ഓടെ പേട്ട ജംഗ്ഷനിൽ ആനയറ റോഡിലുള്ള ഓട്ടോ സ്റ്റാൻഡിൽ ഊഴം സംബന്ധിച്ചുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിലും ജയകുമാറിന്റെ മരണത്തിലും കലാശിച്ചത്. തർക്കത്തിനിടെ ജയകുമാറിനെ വിഷ്ണു മുഖത്ത് അടിച്ചുവീഴ്ത്തിയശേഷം നെഞ്ചിൽ ഇടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചതായാണ് ബന്ധുക്കൾ പറയുന്നത്. പേട്ട സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.