തലപ്പുഴ: വയനാട് വാളാട് സ്വദേശിയായ കപ്പൽ ജീവനക്കാരനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. വാളാട് നരിക്കുഴിയിൽ ഷാജിയുടേയും ഷീജയുടേയും മകൻ എൻ.എസ് പ്രജിത്ത് (28) നെയാണ് കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തലപ്പുഴ പൊലീസിൽ പരാതി നൽകിയത്. ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ വിശ്വ ഏകതാ കപ്പലിലെ ട്രെയിനി ഉദ്യോഗസ്ഥനായ പ്രജിത്തിനെ വെളളിയാഴ്ച മുതൽ കപ്പലിൽ നിന്ന് കാണാതായതായാണ് പരാതി. വിശാഖപട്ടണത്ത് നിന്ന് ഗുജറാത്തിലേക്കുള്ള യാത്ര മദ്ധ്യേയാണ് കാണാതായതെന്നാണ് കമ്പനി ജീവനക്കാർ വീട്ടുകാരെ അറിയിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവർ ചരക്കുമായി വിശാഖപട്ടണത്ത് നിന്ന് യാത്ര തിരിച്ചത്. അന്നാണ് പ്രജിത്ത് അവസാനമായി വീട്ടിലേക്ക് വിളിച്ചതും. വെളളിയാഴ്ച അമ്മയ്ക്ക് ഫോണിൽ സന്ദേശമയക്കുകയും ചെയ്തിരുന്നു. തീരത്തേക്കെത്താൻ കുറച്ച് ദിവസം കൂടിയെടുക്കുമെന്നായിരുന്നു സന്ദേശം. ശനിയാഴ്ച കപ്പൽ കമ്പനി ജീവനക്കാരാണ് പ്രജിത്തിനെ കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ശനിയാഴ്ച രാവിലെ ജീവനക്കാരുടെ ഹാജർ എടുക്കുമ്പോൾ പ്രജിത്തിനെ കാണാനില്ലെന്നും വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ഉറങ്ങാൻ പോയതായിരുന്നുവെന്നുമാണ് കപ്പൽ ജീവനക്കാർ നൽകിയ വിശദീകരണം. കപ്പൽ തിരിച്ചുപോയി തിരച്ചിൽ നടത്തിയെന്നും തിങ്കളാഴ്ച ഉച്ചവരെ തിരച്ചിൽ തുടരുമെന്നും അറിയിച്ചിരുന്നു. കപ്പൽ ഇപ്പോഴും തീരത്തടുക്കാത്തതിനാൽ കൂടുതൽ വിവരങ്ങളും വീട്ടുകാർക്ക് ലഭ്യമായിട്ടില്ല. എൻജിനിയറിംഗ് ബിരുദദാരിയാണ് പ്രജിത്ത്. സെപ്തംബർ 13 നാണ് കപ്പിലിലെ ജോലിക്കായി പ്രജിത്ത് പോയത്. തുടർന്ന് ഒരുമാസത്തോളം വിശാഖപട്ടണത്ത് തന്നെയായിരുന്നുവെന്ന് സഹോദരൻ പ്രവീൺ പറഞ്ഞു.