കൽപ്പറ്റ : പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ഇന്നലെ പുറത്ത് വന്ന ഉപഗ്രഹ സർവേ റിപ്പോർട്ടിൽ വയനാടൻ ജനത ആശങ്കയിൽ. സമസ്ത മേഖലകളിലും ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് ഇരുട്ടടിയായിരിക്കുകയാണ് പുതിയ റിപ്പോർട്ട്.
ഉപഗ്രഹ സർവേയിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു കിലോമീറ്റർ വായു അകലം കരയിൽ 4 കിലോമീറ്ററോളം ദൂരം വരും. പരിസ്ഥിതി ലോല പ്രദേശം ഒരു കിലോമീറ്ററായി നിശ്ചയിച്ച് തയ്യാറാക്കുന്ന ഒഴിപ്പിക്കേണ്ടവരുടെ സാദ്ധ്യതാ പട്ടികയിൽ പ്രതീക്ഷിച്ചതിലും പല മടങ്ങ് കുടുംബങ്ങൾ കൂടി ഉൾപ്പെടുന്നതാണ് പുതിയ റിപ്പോർട്ട് . പരിസ്ഥിതി ലോല പരിധി വനമേഖലയിൽ നിന്ന് ഒരു കിലോമീറ്ററായി നിർദ്ദേശിച്ച ക്യാബിനറ്റ് തീരുമാനം നിയമ സഭയിൽ ചർച്ച ചെയ്യാനോ കേന്ദ്ര പരിസ്ഥിതി വകുപ്പിനെയോ എംപവേഡ് കമ്മിറ്റിയെയോ അറിയിക്കാനോ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചെപ്പടി വിദ്യ
കൽപ്പറ്റ: ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചെപ്പടി വിദ്യ മാത്രമാണ് ഉപഗ്രഹ സർവേയിലൂടെ സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. അബ്രഹാം, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, കെ.ഇ. വിനയൻ, മംഗലശ്ശേരി മാധവൻ, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എൻ.എം. വിജയൻ, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്, നജീബ് കരണി, ഡി.പി. രാജശേഖരൻ, അഡ്വ. എം. വേണുഗോപാൽ, എം.ജി. ബിജു, പി. ശോഭനകുമാരി, ജി. വിജയമ്മ, പി.ഡി. സജി, കമ്മന മോഹനൻ, ബിനു തോമസ്, നിസി അഹമ്മദ്, എടക്കൽ മോഹനൻ, ഇ.വി. അബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിന് ദോഷം
കൽപ്പറ്റ: പരിസ്ഥിതി ലോല മേഖലയിലെ ജനവാസ കേന്ദ്രം സംബന്ധിച്ച ഉപഗ്രഹ സർവേയിലെ പ്രാഥമിക റിപ്പോർട്ട് പരിസ്ഥിതി ലോല പ്രദേശ വാസികളെയും കർഷകരെയും മറ്റും കൂടുതൽ ആശങ്കപ്പെടുത്തുന്നതാണെന്ന് സ്വാതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും അയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വനം വകുപ്പ് ധൃതി പിടിച്ച് തയ്യാറാക്കിയ തട്ടിക്കൂട്ട് റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചാൽ കേരളത്തെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സമയം നീട്ടി നൽകണം: മാനന്തവാടി രൂപത
മാനന്തവാടി: വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വസ്തുവകകളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിന് അനുവദിച്ച സമയം നീട്ടി നൽകണമെന്ന് മാനന്തവാടി രൂപത. ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിൽ സർക്കാർ തയ്യാറാക്കിയ ഭൂപടം പരിശോധിച്ചാണ് ഓരോരുത്തരുടേയും നിർമ്മിതികളോ ഭവനങ്ങളോ കൃഷിഭൂമിയോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത്. ഉയർന്ന സാങ്കേതിക പരിജ്ഞാനം ഉള്ളവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന ബുദ്ധിമുട്ടേറിയ ഈ പ്രവൃത്തി സാധരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു വിദഗ്ദ്ധന്റെ സഹായമില്ലാതെ സാധിക്കില്ല. ഉപഗ്രഹ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ബഫർ സോൺ ഏരിയയിൽ ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളിലെയും ആളുകളെ നേരിൽ കണ്ട് അവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഫീൽഡ് സർവേ അടക്കമുള്ള ക്രമീകരണങ്ങൾ നടത്താൻ സർക്കാരും കമ്മിഷനും ശ്രദ്ധിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.
റിപ്പോർട്ട് പുനപരിശോധിക്കണം: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ
സുൽത്താൻ ബത്തേരി : പരിസ്ഥിതി ലോല റിപ്പോർട്ട് പുനപരിശോധിക്കണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ വനംമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോണിനായി നൽകിയിരിക്കുന്ന ഭുപടത്തിൽ വളരെ കുറച്ച് കെട്ടിടങ്ങൾ മാത്രമാണ് കാണിച്ചിരിക്കുന്നത്. ഭൂരിഭാഗം വരുന്ന വീടുകൾ ,കടകൾ, കെട്ടിടങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ആരാധനാലയങ്ങൾ, ആശുപത്രികൾ,ആദിവാസി സെറ്റിൽമെന്റുകൾ എന്നിവ ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടില്ല. വനത്തിനുള്ളിലെ മനുഷ്യവാസ കേന്ദ്രങ്ങൾ ഭൂപടത്തിൽ ജനവാസമേഖലയായി അടയാളപ്പെടുത്തിയിട്ടില്ല.
സുപ്രീംകോടതിയിൽ റിപ്പോർട്ട് കൊടുക്കുമ്പോൾ എല്ലാ വിവരങ്ങളുമുള്ള സമഗ്ര റിപ്പോർട്ടാണ് നൽകേണ്ടത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും കർഷക സംഘടന നേതാക്കൾ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരി വ്യവസായി നേതാക്കൾ, ജനപ്രതിനിധികൾ, വനം വകുപ്പ് ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്ന് പരിഹാരം കണ്ട ശേഷം മാത്രമെ സുപ്രീകോടതിയിൽ സമർപ്പിക്കാവുയെന്ന് മന്ത്രി എ.കെ.ശശിന്ദ്രന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഉപഗ്രഹ സർവേ അംഗീകരിക്കാനാവില്ല
സുൽത്താൻ ബത്തേരി : ഉപഗ്രഹ സർവേ അംഗീകരിക്കാനാവില്ലെന്ന് ഫ്ളവർ മാർക്കറ്റിംഗ് സൊസൈറ്റി . പരാതികൾക്കും പരിഹാരങ്ങൾക്കുമായി കുടുതൽ സമയം അനുവദിക്കണമെന്നും സൊസൈറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജേക്കബ്ബ് ബത്തേരി അദ്ധ്യക്ഷത വഹിച്ചു. ഗോറി സി.എബ്രഹാം, ബാബു പോൾ, നൗഷാദ് കൈപ്പഞ്ചേരി, പി.ജെ.ജോസ്, സജിത് കൊളഗപ്പാറ, ഷീജ നൂറനാൽ, ജയശ്രീ മോഹൻ, ബിജി പൂമല എന്നിവർ പ്രസംഗിച്ചു.
നേരിട്ട് സ്ഥല പരിശോധന നടത്താൻ
തയ്യാറാവണം: സംഷാദ് മരക്കാർ
കൽപ്പറ്റ: പരിസ്ഥിതി ലോല മേഖല നേരിട്ട് പരിശോധന നടത്താൻ സർക്കാർ തയ്യാറാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്റർ ഉപഗ്രഹ സർവേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് അശാസ്ത്രീയമാണ്. ഈ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചാൽ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കേരളത്തിന് തിരിച്ചടി ഉണ്ടാകാൻ സാധ്യതയുണ്ട്. ഫീൽഡ് സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കും എന്നാണ് വനംമന്ത്രി ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. ഇതിനുവേണ്ടി ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ച് അംഗ വിദഗ്ധസമിതിയെയും രൂപീകരിച്ചിരുന്നു. ഇതിനുശേഷവും സ്ഥല പരിശോധന നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാത്തത് സർക്കാരിന്റെ വീഴ്ചയാണ്. സർക്കാർ ആദ്യഘട്ടം മുതൽ പരിസ്ഥിതി ലോല മേഖല വിഷയത്തിൽ നടത്തിയ ഗൗരവമില്ലാത്ത ഇടപെടലുകളാണ് ഉപഗ്രഹ സർവേ റിപ്പോർട്ടിലൂടെ പുറത്ത് വന്നതെന്ന് സംഷാദ് മരക്കാർ പറഞ്ഞു.