anna
ലോറിയിടിച്ച് ചെരിഞ്ഞ കാട്ടാന

സുൽത്താൻ ബത്തേരി: ദേശീയപാത 766-ൽ കേരള അതിർത്തിയോട്‌ ചേർന്ന കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിൽപെട്ട മഥൂരിന് സമീപം ലോറിയിടിച്ച് കാട്ടാന ചെരിഞ്ഞു. ചൊവ്വാഴ്ച രാത്രി 8 മണിയോടുകൂടിയായിരുന്നു അപകടം. മുത്തങ്ങ ഭാഗത്ത് നിന്നും കർണാടകയിലേക്ക്‌ പോവുകയായിരുന്ന തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ആനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആന തൽക്ഷണം മരിച്ചു. പിടിയാനയാണ് അപകടത്തിൽപെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്‌ ലോറി ഡ്രൈവറെയും ക്ലീനറെയും കർണാടക ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു.
കർണാടകയിലേക്ക് ചരക്ക് എടുക്കുന്നതിനായി പോവുകയായിരുന്ന ലോറിയാണ്‌ റോഡ് മുറിച്ച് കടക്കുകയായിരുന്ന ആനയെ ഇടിച്ചത്. മഥൂർ ചെക്ക്‌പോസ്റ്റിന് സമീപമുള്ള കുളത്തിൽ നിന്ന് വെള്ളവും കുടിച്ച് തിരികെ വനത്തിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം നിർത്തിവെച്ചു. രാത്രി 9 മണി മുതൽ പുലർച്ചെ 6 മണി വരെ രാത്രി യാത്രാ നിരോധനം നില നിൽക്കുന്ന പ്രദേശമാണ്‌ കേരള അതിർത്തി മുതൽ മഥൂർവരെയുള്ള 18 കിലോമീറ്റർ.
വനം വകുപ്പ്‌ ലോറി കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവറെയും ക്ലീനറെയും കോടതിയിൽ ഹാജരാക്കി. അതിനിടെ രാത്രിയാത്രാ നിരോധനം വൈകിട്ട് 6 മുതൽ ആക്കി നീട്ടണമെന്ന ആവശ്യവുമായി ചില പരിസ്ഥിതിവാദികളും രംഗത്തിറങ്ങുകയുണ്ടായി.