sahadvan
സി.കെ.സഹദേവൻ (ഫയൽ ഫോട്ടോ)

കൽപ്പറ്റ: കാട്ടുപന്നി ആക്രമണത്തിൽ ഇരുചക്രവാഹനം മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സുൽത്താൻ ബത്തേരി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ സി.കെ.സഹദേവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള വിദഗ്ദ്ധ ചികിത്സയ്ക്ക് സർക്കാർ ധനസഹായം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

നഗരസഭയിൽ നിന്നോ മറ്റേതെങ്കിലും ഏജൻസികളിൽ നിന്നോ ചികിത്സാ സഹായം ലഭ്യമായിട്ടുണ്ടെങ്കിൽ അത് കുറച്ച് ബാക്കി തുക ഒരു പ്രത്യേക കേസായി പരിഗണിച്ച് അനുവദിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കും വനം സെക്രട്ടറിക്കുമാണ് ഉത്തരവ് നൽകിയത്.

ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനും സുൽത്താൻ ബത്തേരിയുടെ വികസനത്തിനും നിസ്വാർത്ഥതയോടെ പ്രവർത്തിച്ചിരുന്ന ജന നേതാവാണ് സി.കെ.സഹദേവനെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 14 ന് രാത്രി ദൊട്ടപ്പൻ കുളത്താണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകെ ചാടിയാണ് അപകടം സംഭവിച്ചതെന്നും കാട്ടുപന്നി വാഹനത്തിൽ ഇടിച്ചിട്ടില്ലെന്നുമാണ് സുൽത്താൻ ബത്തേരി ഫോറസ്റ്റ് കൺസർവേറ്റർ കമ്മീഷനെ അറിയിച്ചത്. ചികിത്സയ്ക്കായി മോട്ടോർ ക്ലെയിം ആക്സിഡന്റ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് വനം വകുപ്പ് അറിയിച്ചത്. ഈ വാദം കമ്മിഷൻ അംഗീകരിച്ചില്ല.

എന്നാൽ മുൻ എം.എൽ.എ സി.കെ ശശീന്ദ്രന്റെ അഭ്യർത്ഥന പ്രകാരം പുനരന്വേഷണം നടത്താൻ കമ്മിഷൻ വനപാലകന് നിർദ്ദേശം നൽകി. കാട്ടുപന്നി ആക്രമണം കാരണമാണ് വണ്ടി മറിഞ്ഞതെന്ന് പുനരന്വേഷണത്തിൽ കണ്ടെത്തി. ബോധം തിരിച്ചു കിട്ടാത്ത അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ നടത്തി വരികയാണ്. ലക്ഷകണക്കിന് രൂപയാണ് ചികിത്സയ്ക്ക് ചെലവായി കൊണ്ടിരിക്കുന്നതെന്ന് മുൻ എം .എൽ .എ സി.കെ.ശശീന്ദ്രൻ കമ്മിഷനെ അറിയിച്ചു.