വൈത്തിരി: വയനാട് ചുരത്തിൽ ചിപ്പിലിത്തോട് ലോറി മറിഞ്ഞ് ജുമാ മസ്ജിദിന്റെ മിനാരം തകർന്നു. ലോറി ഡ്രൈവർ തരുവണ സ്വദേശി സാദിഖ് (40) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്ന് ഓറഞ്ച് കയറ്റി വന്ന ലോറിയാണ് ചുരം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. മസ്ജിദിന്റെ മിനാരത്തിന് പുറമേ ചുമരും ഭാഗികമായി തകർന്നിട്ടുണ്ട്.
റോഡിന്റെ സംരക്ഷണഭിത്തി തകർത്ത ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. ശബ്ദം കേട്ട് ഓടിക്കൂടിയവരാണ് വാഹനത്തിൽ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ബ്രേക്ക് നഷ്ടമായതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. വൈകിട്ട് 5 മണിയോടെ ക്രൈൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ലോറി ഉയർത്തി. റോഡിന് ഇരുവശത്തും ഭാഗികമായി ഗതാഗതം നിയന്ത്രിച്ച ശേഷമാണ് ലോറി ഉയർത്തിയത്. ലോറിയിൽ ഉണ്ടായിരുന്ന ഓറഞ്ച് പകുതിയിലധികവും നശിച്ചു.