പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ കുടിയേറ്റ കർഷകർ തിങ്ങി പാർക്കുന്ന ചണ്ണോത്തുകൊല്ലിയിൽ കരിങ്കൽ ക്വാറി ആരംഭിക്കുന്നത് എതിർക്കുമെന്ന് ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തിലെ 9,13 വാർഡുകൾ ഉൾപ്പെടുന്ന ചണ്ണോത്തുകൊല്ലി മേഖലയിൽ 150 ൽ പരം കുടുംബങ്ങളുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഈ പ്രദേശത്ത് ജനങ്ങൾ കുഴൽ കിണറിനെയാണ് ആശ്രയിക്കുന്നത്. ക്വാറി പ്രവർത്തനം ഭൂഗർഭ ജലശ്രോതസിനെ ബാധിക്കും. ക്വാറി പ്രവർത്തനം ആരംഭിച്ചാൽ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കും. അന്തരീക്ഷത്തിൽ പൊടി പടലം വ്യാപിക്കുന്നതിനാൽ ജനങ്ങൾ ശ്വാസകോശരോഗ ബാധിതരാകും. മൂന്ന് മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലുമാണ്. പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം ഉരുൾപൊട്ടൽ സാധ്യത വർദ്ധിപ്പിക്കും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകിയിട്ടുണ്ട്.