കൽപ്പറ്റ: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഉപഗ്രഹ ഭൂപടം വയനാട്ടിൽ ഉണ്ടാക്കിയ ആശങ്കകളും ഭീതിയും അകറ്റാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സംസ്ഥാന സർക്കാർ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിറോൺമെന്റ് സെന്റർ തയ്യാറാക്കിയ ഭൂപടത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ട ഭൂമിയുടെ സർവേ നമ്പർ അടക്കമുള്ള വിവരങ്ങളും അതിലെ കെട്ടിടങ്ങളുടെയും മറ്റ് നിർമാണ പ്രവൃത്തികളുടെയും വിവരങ്ങൾ നൽകുന്നുണ്ട്. ഭൂമി പൂർണമായോ ഭാഗികമായോ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയിൽ വരുന്ന നിവാസികൾ ജീവിതത്തിലും ഉപജീവനമാർഗത്തിലും ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ആഘാതത്തിൽ കടുത്ത ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ പ്രാദേശിക ജനവിഭാഗങ്ങളുടെ ആശങ്കകൾ പരിഗണിച്ച് ഉചിതമായ നടപടി കൈകൊള്ളണമെന്നും പ്രാഥമിക റിപ്പോർട്ടിൽ പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും രാഹുൽഗാന്ധി കത്തിൽ വ്യക്തമാക്കി.