vella
തരിശ് രഹിത ഗ്രാമമായി പ്രഖ്യാപിച്ച വെളളമുണ്ട ഗ്രാമ പഞ്ചായത്തിനുളള പുരസ്ക്കാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഏറ്റുവാങ്ങുന്നു

വെള്ളമുണ്ട: മാനന്തവാടി ബ്ലോക്കിലെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിനെ തരിശുരഹിത ഗ്രാമമായി പ്രഖ്യാപിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ സീനിയർ റിസോഴ്സ് പേഴ്സൺ എം.ആർ.പ്രഭാകരൻ പഞ്ചായത്തിനുള്ള മൊമന്റോ കൈമാറി.
കൃഷി വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കാമ്പയിനാണ് തരിശ് രഹിത ഗ്രാമ പഞ്ചായത്ത്. ഒരോ ബ്ലോക്കിലെയും ഒരു തദ്ദേശ സ്ഥാപനം വീതം ഓരോ വർഷവും തരിശ് രഹിത ഗ്രാമമായി പ്രഖ്യാപിക്കും. സുൽത്താൻ ബത്തേരി ബ്ലോക്കിൽ നെന്മേനി, പനമരം ബ്ലോക്കിൽ പുൽപ്പള്ളി എന്നീ പഞ്ചായത്തുകളെ തരിശുരഹിത ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. കൽപ്പറ്റ ബ്ലോക്കിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിനെയാണ് ഇനി തരിശുരഹിത ഗ്രാമമായി പ്രഖ്യാപിക്കാനുള്ളത്. പദ്ധതിയിലൂടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കൃഷി യോഗ്യമായ മുഴുവൻ തരിശിടങ്ങളിലും കൃഷിയിറക്കിയി. 13.7 ഹെക്ടറിൽ 9.7 ഹെക്ടർ കൃഷിയോഗ്യമാക്കി.
വെള്ളമുണ്ട കൃഷി ഓഫീസർമാരായ കെ.ആർ.കോകില, എ.എസ് അഷ്റഫ്, വാർഡ് മെമ്പർമാർ, പാടശേഖര സമിതി ഭാരവാഹികൾ, അസി.കൃഷി ഓഫീസർ, കൃഷി വകുപ്പ് ഇന്റേൺസ്, നവകേരളം കർമ്മ പദ്ധതി ഇന്റേൺസ് തുടങ്ങിയവർ പങ്കെടുത്തു.