സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയിൽ ആധുനിക ക്രമിറ്റോറിയം സ്ഥാപിക്കുന്നതിന് ഭൂരേഖ കൈമാറ്റം ഇന്ന് വൈകിട്ട് മൂന്നിന് സുൽത്താൻ ബത്തേരി നഗരസഭ ടൗൺഹാളിൽ നടക്കും.
ആധുനിക പൊതുശ്മശാനത്തിന് 30 സെന്റ് സ്ഥലം വിട്ടുനൽകുന്നത് സുൽത്താൻ ബത്തേരി മഹാഗണപതി ക്ഷേത്ര സമിതിയാണ്.സുൽത്താൻ ബത്തേരി ചീരാൽ റോഡിലുള്ള ഹിന്ദു ശ്മശാനത്തിലാണ് സ്ഥലം നൽകുന്നത്. ഇവിടെ ആധുനിക രീതിയിൽ ഗ്യാസിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ക്രമിറ്റോറിയമാണ് നഗരസഭ സ്ഥാപിക്കുന്നത്. അടുത്തവർഷം ഇതിന്റെ പ്രവൃത്തി പൂർത്തീകരിക്കും. സ്ഥലത്തിന്റെ രേഖ ഗണപതി ക്ഷേത്രം ഭരണസമിതിയിൽ നിന്ന് നഗരസഭ ചെയർമാൻ ഏറ്റുവാങ്ങും. ഇക്കോ സെൻസിറ്റീവ് സർവേയിൽ ഉൾപ്പെടുത്തുന്നതിനായി ഇന്ന് മുതൽ വിവിധ ഡിവിഷനുകളിൽ നഗരസഭയുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയായി ക്യാമ്പ് നടത്തുന്നതാണെന്നും നഗരസഭ ഭരണസമിതി അംഗങ്ങൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ ടി.കെ.രമേശ് , ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, എ.റഷീദ്, ടോം ജോസ്, ഷാമില ജുനൈസ്, പി.എസ്.ലിഷ, രാധാ രവിന്ദ്രൻ, ഹാരീഫ് എന്നിവർ പങ്കെടുത്തു.