സുൽത്താൻ ബത്തേരി : പരിസ്ഥിതി ലോല ഉപഗ്രഹ സർവേ റിപ്പോർട്ട് പൂർണമായി തള്ളിക്കളയമെന്ന് മുസ്ലീംലീഗ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധം വ്യാജമായ മാപ്പും റിപ്പോർട്ടുമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കതിരെ കർശന നടപടി സ്വീകരിക്കണം. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ സർക്കാരിന് ലഭിച്ച ഭൂപടത്തിൽ പഠന വിധേയമായ പ്രദേശങ്ങളിലെ പത്ത് ശതമാനം നിർമ്മിതികൾ പോലും അടയാളപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ നാല് മാസക്കാലം പൊതുജനങ്ങളിൽ നിന്ന് ഇക്കാര്യം മറച്ച് വെക്കുകയും അവസാന നിമിഷം പ്രസിദ്ധീകരിക്കുകയും ചെയ്തതിൽ നിന്ന് സർക്കാരിന്റെയും വനം വകുപ്പിന്റെയും കള്ളക്കളികൾ വ്യക്തമാണ്. പരിസ്ഥിതി ലോല വിഷയത്തിൽ സർക്കാരിൽ നിന്ന് ഉണ്ടാകുന്ന അടിക്കടിയുള്ള നിലപാട് മാറ്റം ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. തോട്ടത്തിൽ രവീന്ദ്രൻ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ നൂറുകണക്കിന് കെട്ടിടങ്ങളുള്ള ബത്തേരി ടൗണിൽ വിരലിലെണ്ണാവുന്ന കെട്ടിടങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളു.നൂൽപ്പുഴ വില്ലേജിൽ എണ്ണായിരത്തോളം പേർ താമസിക്കുന്ന ഒരു ഭാഗം മുഴുവനായും വനമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലനിൽപ്പ് നഷ്ടപ്പെട്ട ജനങ്ങളെ തെരുവിലിറക്കാനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. രണ്ടാം തിയതി വയനാട്ടിലെത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ വൻ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ പി.പി.അയ്യൂബ്, എം.എ.അസൈനാർ, പി.അബ്ദുള്ള, കെ.മുഹമ്മദ്, കെ.പി.അസ്‌ക്കർ ,കെ.അഹമ്മദ്കുട്ടി എന്നിവർ പങ്കെടുത്തു.