കൽപ്പറ്റ: പെരുന്തട്ടയിൽ ജനവാസ കേന്ദ്രത്തിനടുത്ത് പുലി ഇറങ്ങുന്നത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാകുന്നു. പട്ടാപ്പകൽ പോലും പുലി ഇറങ്ങുകയാണ്. പെരുന്തട്ട ഗവ.യു.പി സ്‌കൂളിന് മീറ്ററുകൾ അകലെ കഴിഞ്ഞദിവസം പട്ടാപ്പകൽ പുലി ഇറങ്ങി.
വൈകിട്ടാണ് പുലിയെ ജനവാസ മേഖലയിൽ കൂടുതലായി കാണുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പെരിന്തട്ടയുടെ സമീപ ഗ്രാമങ്ങളിലും പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നു.
കഴിഞ്ഞദിവസം പുത്തൂർ വയലിലും മഞ്ഞളാം കൊല്ലിയിലും പുലി ഇറങ്ങിയിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി തവണയാണ് പ്രദേശത്ത് പുലി ഇറങ്ങിയത്. ഒരുതവണ പുലിയെ കെണി ഒരുക്കി പിടികൂടുകയും ചെയ്തിരുന്നു. 2016 ലാണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുള്ളിപ്പുലി വീണത്.
തേയിലത്തോട്ടവും മൊട്ടക്കുന്നുകളും പുലിക്ക് പറ്റിയ ആവാസ വ്യവസ്ഥയാണ്. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം തള്ളിക്കളയാൻ കഴിയില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പെരുന്തട്ട ഭാഗത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ആളുകളെ ആക്രമിക്കുന്ന തരത്തിലുള്ള ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.