മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ
ഇന്ന് പ്രത്യേക യോഗം
കൽപ്പറ്റ: പരിസ്ഥിതി ലോല വിഷയത്തിൽ ജനങ്ങൾക്കൊപ്പമെന്ന് ഉറപ്പിച്ച് വനംമന്ത്രി. ജനങ്ങളുടെ ആശങ്കകൾ സർക്കാർ ഗൗരവത്തോടെ കാണുമെന്നും ജനങ്ങളുടെ താല്പര്യം മാനിച്ച് ഗ്രൗണ്ട് സർവേ നടത്തുന്ന കാര്യം പരിശോധിക്കുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ കൽപ്പറ്റയിൽ പറഞ്ഞു. സുപ്രീംകോടതിയിൽ നിന്ന് കോടതിയലക്ഷ്യ നടപടി വരാതിരിക്കാനാണ് സർക്കാർ ഡ്രോൺ സർവേയും ഉപഗ്രഹ സർവേയും നടത്തിയത്. ജനവാസ മേഖലയെ ഉൾപ്പെടുത്തുന്നതിനല്ല, ജനവാസ മേഖലയെ ഒഴിവാക്കുന്നതിനാണ് ഇത്തരത്തിലുള്ള നടപടി. പരിസ്ഥിതി ലോല വിഷയത്തിൽ ജനങ്ങളുടെ ആശങ്ക ഉയർന്ന സാഹചര്യത്തിൽ തന്നെ വിഷയത്തിൽ ഇടപെടൽ
നടത്തിയിരുന്നു. തെറ്റായ രീതിയിലാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്.
നിലവിലെ സ്ഥിതിവിവര കണക്ക് തയ്യാറാക്കുന്നതിനാണ് സർവേ നടത്തിയത്.
ജനവാസ മേഖലയിൽ പൂർണമായും ബഫർ സോണിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ ശ്രമം. പ്രതിപക്ഷത്തിന് സമരം നടത്താനുള്ള അവകാശമുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്ന് അവർ പിന്മാറണം. വിഷയത്തിൽ സർക്കാർ ഇടപെടൽ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് രണ്ട് യോഗങ്ങൾ നടക്കും.രാവിലെ പത്തരയ്ക്ക് ഉന്നതതല യോഗവും ഉച്ചയ്ക്കുശേഷം 3.30ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത പ്രത്യേക യോഗവും നടക്കും. വിവിധ വകുപ്പ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗങ്ങളിൽ പങ്കെടുക്കും. പരിസ്ഥിതി ലോല വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട തുടർനടപടികളും യോഗം ചർച്ച ചെയ്യും. ജനുവരി ആദ്യം സുപ്രീംകോടതി കേസ് പരിഗണിക്കുന്നുണ്ട്. അപ്പോൾ സ്വീകരിക്കേണ്ട നടപടികളാകും പ്രധാനമായും ചർച്ചയാവുക.