കന്നുകാലി പ്രദർശനവും നടക്കും
കൽപ്പറ്റ: ക്ഷീരവികസന വകുപ്പും ജില്ലയിലെ ക്ഷീര സഹ.സംഘങ്ങളും സംയുക്തമായി മീനങ്ങാടി ക്ഷീരോത്പാദക സഹ.സംഘത്തിന്റെ ആതിഥേയത്വത്തിൽ ഇന്നുമുതൽ മൂന്നുദിവസം മീനങ്ങാടിയിൽ ജില്ലാ ക്ഷീര കർഷക സംഗമം സംഘടിപ്പിക്കും. വയനാട്ടിലെ ക്ഷീര മേഖലയിലെ സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യും.
നാളെ രാവിലെ 11.30ന് ക്ഷീരകർഷക സംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ.എ. കൗശികൻ ആമുഖ പ്രഭാഷണം നടത്തും. മീനങ്ങാടി ക്ഷീരസംഘം പ്രസിഡന്റ് പി.പി ജയൻ, ക്ഷീരസംഘം സെക്രട്ടറി കെ. പി മാത്യു തുടങ്ങിയവർ പങ്കെടുക്കും.
സംഗമത്തിന്റെ ഭാഗമായി ക്ഷീരകർഷക സെമിനാർ സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന വിജയൻ ഉദ്ഘാടനം ചെയ്യും. സുൽത്താൻ ബത്തേരി ക്ഷീരസംഘം പ്രസിഡന്റ് കെ.കെ പൗലോസ് അദ്ധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പ് അസി.ഡയറക്ടർ വിധു വർക്കി, പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ.ഷണ്മുഖവേൽ എന്നിവർ കന്നുകാലികളിലെ രോഗങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുക്കും.
ഇന്ന് മീനങ്ങാടി ചൂതുപാറ എസ് കെ കവലയിൽ രാവിലെ എട്ടുമണി മുതൽ കന്നുകാലി പ്രദർശനം നടക്കും. തുടർന്ന് മോട്ടിവേഷൻ ക്ലാസ്, ഡയറി ക്വിസ് തുടങ്ങിയവ നടക്കും. വാർത്താ സമ്മേളനത്തിൽ പി.പി.ജയൻ (മീനങ്ങാടി ക്ഷീരസംഘം പ്രസിഡന്റ് ), കെ.ബി.മാത്യു (സെക്രട്ടറി ), ഉഷാദേവി (ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ), കെ.കെ.പൗലോസ് ( പ്രോഗ്രാം കൺവീനർ )എന്നിവർ പങ്കെടുത്തു.