മാനന്തവാടി: മാനന്തവാടി നഗരസഭയിലും പൊഴുതന ഗ്രാമപഞ്ചായത്തിലും എ.ബി.സി.ഡി ക്യാമ്പിന് തുടക്കമായി. മാനന്തവാടി ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുന്ന ക്യാമ്പ് ഒണ്ടയങ്ങാടി എടപ്പടി കോളനിയിലെ രാജിക്ക് പുതിയ റേഷൻ കാർഡ് നൽകി സബ് കളക്ടർ ആർ.ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു. ആദ്യദിനം മാനന്തവാടി നഗരസഭയിൽ 668 പേർക്ക് ആധികാരിക രേഖകൾ ഉൾപ്പടെ 1851 സേവനങ്ങൾ നൽകി. എ.ഡി.എം എൻ.ഐ ഷാജു മുഖ്യാതിഥിയായി. ജെറിൻ സി ബോബൻ വിഷയാവതരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിപിൻ വേണുഗോപാൽ, ലേഖ രാജീവൻ, പി.വി.എസ് മൂസ, ഫാത്തിമ്മ ടീച്ചർ, അഡ്വ സിന്ധു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
പൊഴുതന റാഷ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ കെ. അജീഷ് പ്രോജക്ട് അവതരിപ്പിച്ചു. ക്യാമ്പിൽ 453 പേർക്ക് ആധികാരിക രേഖകൾ ഉൾപ്പടെ 926 സേവനങ്ങൾ നൽകി. പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാബു, പൊഴുതന പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന ഷംസുദ്ദീൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ പരീദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് 22ന് സമാപിക്കും.
റവന്യു റിക്കവറി അദാലത്ത് സംഘടിപ്പിച്ചു
ജില്ലാ ഭരണകൂടത്തിന്റെയും ലീഡ് ബാങ്കിന്റെയും നേതൃത്വത്തിൽ വൈത്തിരി താലൂക്കിൽ റവന്യു റിക്കവറി അദാലത്ത് സംഘടിപ്പിച്ചു. താലൂക്കിലെ വിവിധ ബാങ്കുകളിൽ വായ്പാ കുടിശ്ശികയായി റവന്യു റിക്കവറി നടപടികൾ നേരിടുന്ന കേസുകളിലാണ് അദാലത്ത് നടന്നത്. 2022 ജൂൺ വരെയുള്ള 1352 റവന്യു റിക്കവറി നോട്ടീസുകൾ അദാലത്തിൽ പരിഗണിച്ചു. ഇതിൽ 114 കേസുകളിൽ പരിഹാരമായി. രണ്ടു ദിവസങ്ങളായി നടന്ന അദാലത്തിൽ 420 പേർ പങ്കെടുത്തു. കുടിശ്ശികയിനത്തിൽ 62.86 ലക്ഷം രൂപ ബാങ്കുകൾക്ക് ലഭ്യമായി. ആസൂത്രണ ഭവനിൽ നടന്ന അദാലത്തിൽ കാനറ, എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങി ജില്ലയിലെ മുഴുവൻ ദേശസാൽകൃത ബാങ്കുകളും പങ്കെടുത്തു.