കൽപ്പറ്റ : അമ്പിലേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സന്നദ്ധ സംഘടനയായ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച്
വിവാഹ സംഗമം സംഘടിപ്പിക്കും. 2023 മാർച്ച് അഞ്ചിനാണ് നിർധനരായ 10 പെൺകുട്ടികളുടെ വിവാഹ സംഗമം നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പൊതുവേദി ഒഴിവാക്കി മതാചാരപ്രകാരം വീടുകളിലും ആരാധനാലയങ്ങളിലുമാണ് ചടങ്ങുകൾ സംഘടിപ്പിക്കുക. ഓരോ വധുവിനും വിവാഹസമ്മാനമായി അഞ്ച് പവൻ സ്വർണാഭരണവും വധൂവരന്മാർക്കുള്ള വിവാഹ വസ്ത്രങ്ങളും 350 പേർക്കുള്ള ഭക്ഷണവുമാണ് സൊസൈറ്റി നൽകുക. വൈത്തിരി താലൂക്കിലെ അർഹരായവരെ തെരഞ്ഞെടുത്താണ് വിവാഹ സംഗമം നടത്തുകയെന്നും ഇവർ അറിയിച്ചു.

വിവാഹ സംഗമത്തിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് അടുത്തമാസം 25 വരെ സൊസൈറ്റിയിൽ അപേക്ഷ സമർപ്പിക്കാം. ഇത് രണ്ടാം തവണയാണ് വിവാഹ സംഗമം നടത്തുന്നത്. 2013ലാണ് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം തുടങ്ങുന്നത്. സൊസൈറ്റി പത്തു വർഷം പൂർത്തീകരിക്കുന്നതിന് ഭാഗമായാണ് മംഗല്യം 2022 എന്ന പേരിൽ വിവാഹ സംഗമം നടത്തുന്നത്. വാർത്താസമ്മേളനത്തിൽ ഇബ്രാഹിം തന്നാണി , സലിം കൽപ്പറ്റ എന്നിവർ പങ്കെടുത്തു.