മാനന്തവാടി: പ്രഥമ വയനാട് സാഹിത്യോത്സവത്തിന് മാനന്തവാടി ദ്വാരകയിൽ 29ന് തുടക്കമാകും. പുസ്തകോത്സവം, ചലച്ചിത്രോത്സവം, ഫുഡ് ഫെസ്റ്റിവൽ തുടങ്ങി നിരവധി കലാ സാഹിത്യ സാംസ്‌കാരിക പരിപാടികൾ മൂന്നു ദിവസമായി നടക്കുന്ന സാഹിത്യോത്സവത്തിൽ അരങ്ങേറും. ദ്വാരക കാസ മരിയ ഓഡിറ്റോറിയത്തിലും സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ, ദ്വാരക എ.യു.പി സ്‌കൂൾ, ടെക്നിക്കൽ സ്‌കൂൾ എന്നിവിടങ്ങളിലുമായാണ് പരിപാടികൾ നടക്കുക. സാഹിത്യോത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് വയനാട് സാഹിത്യോത്സവം ഡയറക്ടറും കാരവൻ മാഗസിൻ എഡിറ്ററുമായ ഡോ. വിനോദ് കെ. ജോസ് വ്യക്തമാക്കി.
എഴുത്തുകാരി അരുന്ധതി റോയി, സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, സക്കറിയ, കെ.ആർ മീര, പി.കെ. പാറക്കടവ്, കൽപ്പറ്റ നാരായണൻ, മധുപാൽ, റഫീഖ് അഹമ്മദ് തുടങ്ങിയവർ രണ്ട് ദിവസത്തെ സാഹിത്യോത്സവത്തിന്റെ വിവിധ സെഷനുകളിൽ പങ്കെടുക്കും. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് മൂന്നു ദിവസങ്ങളിലായി വിദേശ സിനിമകൾ ഉൾപ്പെടെ പ്രദർശിപ്പിക്കും. കുടുംബശ്രീയുമായി സഹകരിച്ച് ഭക്ഷ്യോത്സവവും സംഘടിപ്പിക്കുന്നുണ്ട്. അലക്സ്.എം പോൾ സംവിധാനം ചെയ്ത ട്രൈബൽ ബാൻഡ്, ചലച്ചിത്ര താരം അനാർക്കലി മരിക്കാറുടെ നേതൃത്വത്തിൽ ലൈവ് മ്യൂസിക് ബാൻഡ് എന്നിവ രണ്ടു ദിവസങ്ങളിലായി അരങ്ങേറും.
സാഹിത്യോത്സവ പ്രതിനിധികളായി അഞ്ഞൂറോളം പേരാണ് പങ്കെടുക്കുക. ഇവർക്കു മാത്രമായി രാത്രികളിൽ ക്യാമ്പ് ഫയറും തീകായൽ വായനയും സംഘടിപ്പിക്കും. പ്രതിനിധികളാകുന്നവർക്ക് മാത്രമായി ചില സെഷനുകൾ നീക്കിവെച്ചിട്ടുണ്ടെങ്കിലും മൂന്നു ദിവസത്തെയും സാഹിത്യോത്സവത്തിന് പ്രവേശനം സൗജന്യമാണ്.
മാവേലി മൺറം, നെല്ല്, കബനി, ആഴി എന്നിങ്ങനെ നാലു വേദികളിലായാണ് പരിപാടികൾ നടക്കുക. 29ന് രാവിലെ 9 മണിക്ക് പ്രധാന വേദിയായ മാവേലി മൺറത്തിൽ ജുഗൽബന്ദിയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. ഇതേസമയത്തുതന്നെ രണ്ടാം വേദിയായ നെല്ലിൽ സാഹിത്യ ക്വിസ് മത്സരവും സംഘടിപ്പിക്കും. തുടർന്ന് ഉദ്ഘാടന സമ്മേളനം നടക്കും.
10.30 മുതൽ എഴുത്തിന്റെ വയനാടൻ ഭൂമിക എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കും. ഷാജി പുൽപ്പള്ളി മോഡറേറ്ററാകുന്ന സംവാദത്തിൽ കൽപ്പറ്റ നാരായണൻ, കെ.ജെ ബേബി, ഷീല ടോമി, കെ.യു ജോണി എന്നിവർ പങ്കെടുക്കും.
ലോക നവീകരണത്തിന് ദളിത് ആദിവാസി സമൂഹത്തിന്റെ എഴുത്തും ഭാവനയും എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ കെ.കെ. സുരേന്ദ്രൻ മോഡറേറ്ററാകും.
രണ്ടാം വേദിയായ നെല്ലിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പി.കെ. പാറക്കടവിനൊപ്പം വയനാടൻ കോലായ എന്ന പേരിൽ സാഹിത്യ വർത്തമാനം സംഘടിപ്പിക്കും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും തുടർന്ന് നടക്കും. 2.30ന് കവിയരങ്ങാണ്.
വൈകീട്ട് മൂന്നുമണിക്ക് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ബീന പോൾ നിർവഹിക്കും. തുടർന്ന് നടക്കുന്ന സംവാദത്തിൽ ഒകെ ജോണി മോഡറേറ്ററാകും. വൈകീട്ട് നാലുമണിക്ക് നടക്കുന്ന കഥയരങ്ങ് കഥയുടെ ചില വർത്തമാനങ്ങൾ എന്ന പരിപാടിയിൽ സക്കറിയ, പി.കെ. പാറക്കടവ്, എസ്. സിതാര, വി.എച്ച് നിഷാദ് എന്നിവർ പങ്കെടുക്കും.
നാലു മണിക്ക് നെല്ലിൽ നടക്കുന്ന കൊവിഡാനന്തര ലോകം – ആരോഗ്യം, സാഹിത്യം, സംസ്‌കാരം എന്ന സംവാദത്തിൽ കൽപ്പറ്റ നാരായണൻ, ഡോ. ടി. ജയകൃഷ്ണൻ, ഡോ. ഗോകുൽദേവ്, ശ്യാം സുധാകർ എന്നിവർ പങ്കെടുക്കും. മനു പി. ടോംസ് മോഡറേറ്ററാകും. വൈകീട്ട് 5.45ന് വേദി ഒന്നിൽ സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ പ്രഭാഷണം നടത്തും.
വൈകുന്നേരം 6.45ന് അരുന്ധതി റോയിയുമായി ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും എന്ന വിഷയത്തിൽ സംവദിക്കും. രാത്രി എട്ടിന് വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കിനെ ആസ്പദമാക്കി നവാസ് മന്നൻ അവതരിപ്പിക്കുന്ന കഥാവിഷ്‌കാരം നടക്കും. തുടർന്ന് ട്രൈബൽ ബാൻഡിന്റെ സംഗീത നിശ.
രണ്ടാം ദിവസം രാവിലെ ആറുമണിക്ക് മണൽ വയൽ കോളനിയിൽ നിന്ന് പഴശിരാജാവ് അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടിയിലേക്ക് ചെറുവയൽ രാമന്റെ നേതൃത്വത്തിൽ കബനി നദിക്കരയിലൂടെ ഹെറിറ്റേജ് വാക്ക് നടത്തും.