സുൽത്താൻ ബത്തേരി: ദേശീയപാത 766-ലെ രാത്രി യാത്രാനിരോധന സമയത്തിൽ വരുത്തുന്ന മാറ്റം കേരള- കർണാടക യാത്രക്കാർക്ക് ഇരുട്ടടിയാകും. നിലവിൽ വൈകിട്ട് 9 മണി മുതൽ രാവിലെ 6 വരെയാണ് നിരോധനം. ഇത് വൈകിട്ട് 6 മണി മുതൽ പുലർച്ചെ 6 മണിവരെയാക്കണമെന്ന ചില എൻ.ജി.ഒകളുടെ ആവശ്യ പ്രകാരം സമയത്തിൽ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് കർണാടക വനം വകുപ്പ്. കർണാടകയിലെ മഥൂരിനടുത്ത് കാട്ടാന ലോറിയിടിച്ച് മരിക്കാനിടയായ സാഹചര്യത്തിലാണ് സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകൾ രംഗത്ത് വന്നത്.
കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന കർണാടകയിലെ ഗുണ്ടൽപേട്ട, നഞ്ചൻകോട്, ചമരാജ് നഗർ, മൈസൂരു എന്നിവിടങ്ങളിൽ നിരവധി മലയാളികളാണ് കൃഷിയുമായി ബന്ധപ്പെട്ട് കഴിയുന്നത്. അതുപോലെ മൈസൂരു ജില്ലയിൽ നിന്നുള്ള ധാരാളം പേർ കർണാടകയുടെ അതിർത്തി ജില്ലയായ വയനാട്ടിലും തൊഴിൽ ചെയ്യുന്നു. നിത്യേന പോയിവരുന്ന ഇവർക്ക് സമയമാറ്റം വലിയ തിരിച്ചടിയാകും. വൈകിട്ട് 6 മണി മുതൽ റോഡ് അടക്കാനുള്ള തീരുമാനം നടപ്പാക്കിയാൽ നിരവധി പേരുടെ ജീവിത വഴി തന്നെ അടയുന്ന സ്ഥിതിയാവും.
ഇഞ്ചി ,വാഴ, പച്ചക്കറികൾ എന്നിവയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് കർണാടകയിലുള്ളത്. വയനാട്ടിൽ കാപ്പി വിളവെടുപ്പായതോടെ കർണാടകയിൽ നിന്നുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്. 766-ലെ മുത്തങ്ങയ്ക്കും മഥൂരിനുമിടയ്ക്കുള്ള വനമേഖലയിലാണ് രാത്രി യാത്രാനിരോധനമുള്ളത്. രാത്രി 9 മണിയോടെ ഇരു ഭാഗത്തേയും ചെക്ക് പോസ്റ്റുകൾ അടച്ചിടും. രാത്രി കടന്നു പോകാൻ അനുവാദമുള്ള ഒന്ന് രണ്ട് യാത്ര ബസുകൾ ഒഴിച്ച് ഒമ്പത് മണി കഴിഞ്ഞ് വരുന്ന വാഹനങ്ങളെ വനത്തിലേക്ക് പ്രവേശിപ്പിക്കാതെ ചെക്ക് പോസ്റ്റിന് പുറത്ത് തടഞ്ഞിടുകയാണ്. നിലവിലെ നിരോധനം മൂലം നിരവധി അന്തർ സംസ്ഥാന യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. നിരോധന സമയം ദീർഘിപ്പിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ബസിലും മറ്റുമായി ഇതുവഴി യാത്ര ചെയ്യുന്നവർക്ക് സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാത്ത സ്ഥിതിവരും.