puneeth
കളക്ടറേറ്റിൽ ചേർന്ന ആസ്പിരേഷണൽ ഡിസ്ട്രിക്ട് അവലോകന യോഗത്തിൽ പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അഡീഷണൽ ചീഫ് സെക്രട്ടറിയും നോഡൽ ഓഫീസറുമായ പുനീത് കുമാർ സംസാരിക്കുന്നു

കൽപ്പറ്റ: ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രവർത്തന പുരോഗതിയിൽ ജില്ലയിലെ ഗോത്ര വിദ്യാർത്ഥികളുടെ പഠനത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അഡീഷണൽ ചീഫ് സെക്രട്ടറിയും നോഡൽ ഓഫീസറുമായ പുനീത് കുമാർ നിർദ്ദേശിച്ചു. കളക്ടറേറ്റിൽ ചേർന്ന ആസ്പിരേഷണൽ ഡിസ്ട്രിക്ട് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിൽ ഗോത്ര വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കണം. കൊഴിഞ്ഞുപോക്ക് ഒഴിവാക്കണം. പ്രാഥമിക വിദ്യാഭ്യാസം കൂടുതൽ ആകർഷകമാക്കണം. വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് വിദ്യാർത്ഥികൾക്ക് ഭാഷാ പഠനത്തിനും ഗണിത പഠനത്തിനും കൂടുതൽ അവസരം നൽകമെന്നും അദ്ദേഹം പറഞ്ഞു.

യുവജനങ്ങൾക്ക് വൈവിദ്ധ്യമുള്ളതും വേഗത്തിൽ തൊഴിൽ നേടുന്നതിനും ആവശ്യമായ തൊഴിലധിഷ്ടിത പരിശീലന കോഴ്സുകൾ തുടങ്ങണം. കൃഷി, ടൂറിസം, ഭക്ഷ്യമേഖല, ഹോസ്പിറ്റാലിറ്റി, ഐ.ടി വിഷയങ്ങളോടൊപ്പം സ്‌പോക്കൺ ഇംഗ്ലീഷ് പഠനത്തിനും കൂടുതൽ പ്രാധാന്യം നൽകണം. ആരോഗ്യമേഖലയിലെ വികസനം ദേശീയ ട്രൈബൽ മന്ത്രാലയവുമായി സംയോജിപ്പിച്ച് വേഗത്തിലാക്കണം.
കാർഷിക മേഖലയുടെ വളർച്ചയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം. സ്ഥലസൗകര്യത്തിനനുസരിച്ച് ചെറുകിട ജലസേചന പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കണം. പ്രധാൻമന്ത്രി ഫസൽ ഭീം യോജന പോലെയുള്ള കൃഷി ഇൻഷ്വറൻസ് സ്‌കീമുകൾ ഉപയോഗപ്പെടുത്തണം. കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കുന്നതിൽ കൃഷി വകുപ്പ് കൂടുതൽ ശ്രദ്ധചെലുത്തണമെന്നും പുനീത്കുമാർ നിർദ്ദേശിച്ചു.

രാജ്യത്തെ 112 പിന്നാക്ക ജില്ലകളെ അവരുടെ പ്രത്യേക വികസന ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ 2018ൽ തുടങ്ങിയ പദ്ധതിയാണ് ആസ്പിരേഷണൽ ജില്ലാ പദ്ധതി. കേരളത്തിൽ നിന്നുള്ള ഏക ആസ്പിരേഷണൽ ജില്ലയാണ് വയനാട്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാർഷികം തുടങ്ങിയ മേഖലകളിലുള്ള സമഗ്ര വികസനത്തിനായി വകുപ്പുകളുടെ കൂട്ടായ പരിശ്രമം വേണമെന്നും യോഗം നിർദ്ദേശിച്ചു.
ജില്ലാ കളക്ടർ എ.ഗീത, എ.ഡി.എം എൻ.ഐ.ഷാജു, സബ് കളക്ടർ ആർ.ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടർ വി. അബൂബക്കർ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.വി.അനിൽ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.