തളിപ്പറമ്പ്: അടിസ്ഥാന സൗകര്യ വികസനത്തിനും കൃഷിക്കും പ്രാധാന്യം നൽകി തളിപ്പറമ്പ് നഗരസഭാ ബഡ്ജറ്റ്. തളിപ്പറമ്പ് നഗരസഭ പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തും ജില്ലയിൽ ഒന്നാം സ്ഥാനത്തുമാണെന്ന് പ്രഖ്യാപിച്ചാണ് വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ബഡ്ജറ്റ് അവതരിപ്പിച്ചത്.

നഗരസഭ ഓഫീസ് കോമ്പൗണ്ടിനകത്ത് പുതിയ അത്യാധുനിക ഓഡിറ്റോറിയവും ഷോപ്പിംഗ് കോംപ്ലക്സും കോൺഫറൻസ് ഹാളും നിർമ്മിക്കാൻ 5 കോടി രൂപ, കാക്കാത്തോട് മലയോര ബസ്റ്റ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് 3 കോടി രൂപ വകയിരുത്തി. ട്രഞ്ചിംഗ് ഗ്രൗണ്ട് നവീകരണത്തിന് 84 ലക്ഷം, പാളയാട് മലിനജല പ്ലാന്റ് ശേഷി വർദ്ധിപ്പിക്കാൻ 1.5 കോടി, റോഡ് നിർമ്മാണത്തിന് 2.2 കോടി, ഡ്രൈനേജ് നിർമ്മാണം 7 കോടി, അമൃത് കുടിവെള്ള പദ്ധതിക്ക് 6 കോടി, തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ 40 ലക്ഷം, ദേശീയപാതയോരത്ത് പകൽ വിശ്രമകേന്ദ്രത്തിന് ആറ് ലക്ഷം, വെയിറ്റിംഗ് ഷെൽട്ടർ നവീകരണത്തിന് 15 ലക്ഷം രൂപയും അനുവദിച്ചു.

ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 22 ലക്ഷം രൂപയും നഗരസഭാ ഓഫീസിനെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്താൻ ആറ് ലക്ഷവും വകയിരുത്തി. സോളാർ സിസ്റ്റം ഓൺ ഗ്രിഡ് ആക്കാൻ 1.35 കോടിയും നിക്കിവച്ചു. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ ബിസിനസ് സെന്റർ ആരംഭിക്കും. ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളുടെ തനിയാവർത്തനമാണ് ബഡ്ജറ്റെന്നും പുതിയ നിർദ്ദേശങ്ങൾ ഇല്ലെന്നും പ്രതിപക്ഷം വിമർശിച്ചു. എം.കെ. ഷബിത, പി.പി. മുഹമ്മദ് നിസാർ, കെ.രമേശൻ, പി.റജുല, ഒ. സുഭാഗ്യം, പി. ഗോപിനാഥൻ, കെ.എം. ലത്തീഫ്, കെ. വത്സരാജൻ, ഡി. വനജ, പി. വൽസല, എം.പി. സജ്ന, സി.വി. ഗിരീശൻ, പി. ഗോപിനാഥൻ, ഇ. കുഞ്ഞിരാമൻ, സി.പി. മനോജ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.