subin
സുബിൻ

മാന്നാർ: സൈക്കി​ൾ മോഷണക്കേസി​ൽ രണ്ട് പേർ പൊലീസ് പി​ടി​യി​ലായി​. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് മുറി കൈലാത്ത് വീട്ടിൽ സുബിൻ (27), പശ്ചിമ ബംഗാളിലെ മാൾട്ട സ്വദേശിയും തിരുവൻവണ്ടൂരിൽ താമസക്കാരനുമായ ഹാറൂൺ (27) എന്നിവരാണ് മാന്നാർ പൊലീസിന്റെ പിടിയിലായത്. സൈക്കിൾ മോഷണം വർധിച്ചതോടെ മാന്നാർ പൊലിസ് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിൽ ചെന്നിത്തലയിൽ നിന്ന് മോഷ്ടിച്ച മുപ്പത്തി അയ്യായിരം രൂപ വില വരുന്ന ഒരു സൈക്കിളുമായി പൊലീസിന്റെ മുന്നിൽപ്പെട്ട സുബിനെ തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. ബസിൽ കയറി മാന്നാർ, ചെന്നിത്തല ഭാഗങ്ങളിൽ എത്തുന്ന സുബിൻ സൈക്കിൾ മോഷ്ടിച്ച ശേഷം ചെങ്ങന്നൂരിൽ എത്തി ഹാറൂണിന് വിൽക്കുകയും, ഹാറൂൺ അത് കൂടിയ വിലക്ക് മറിച്ചു വിൽക്കുകയുമാണ് ചെയ്തു വന്നിരുന്നത്. പ്രതികളെ പിടികൂടിയ വിവരം അറിഞ്ഞതോടെ സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മാന്നാർ സി​.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഭിരാം, ജോൺ തോമസ്, ബിജുക്കുട്ടൻ, അഡിഷണൽ എസ്.ഐ ബിന്ദു, സിവിൽ പൊലിസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, സാജിദ്, അജിത്, നിസാം എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.