ആലപ്പുഴ : കുട്ടനാട്, അപ്പർ കുട്ടനാടൻ മേഖലകളിൽ പുഞ്ചകൃഷിക്ക് ഭീഷണിയാകുന്ന വൃശ്ചികവേലിയേറ്റത്തിലെ ഉപ്പുവെള്ളംവരവ് തടയാൻ ഓരുമുട്ട് നിർമ്മാണത്തിന് ഇനിയും തുടക്കം കുറിക്കാതെ ജലവിഭവ വകുപ്പ്. മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നാലും മൈനർ ഇറിഗേഷന്റെ നേതൃത്വത്തിൽ ചെറുതും വലുതുമായ 564ഉം ഓരുമുട്ടുകളാണ് വർഷം തോറും നിർമ്മിക്കേണ്ടത്. ഒക്ടോബറിൽ ടെണ്ടർ നടത്തി നവംബർ 15ന് മുമ്പ് ഓരുമുട്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് പതിവെങ്കിലും ഇത്തവണ ഡിസംബർ പിറന്നിട്ടും തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ടെണ്ടർ നടപടികൾ വൈകാൻ കാരണമെന്ന് അറിയുന്നു. മഹാദേവികാട് പുളിക്കീഴ്, കരുവാറ്റ കൊപ്പാറക്കടവ്, കൊട്ടാരവളവ്, ഡാണാപ്പടി തോട് എന്നിവിടങ്ങളിലാണ് പ്രധാനമായും ഓരുമുട്ട് നിർമ്മിക്കുന്നത്.

ജലാശയങ്ങളിൽ ലവണാംശം വർദ്ധിച്ചതിനാൽ പുഞ്ചക്കൃഷി നടത്തുന്ന കർഷകർ ദുരിതത്തിലാകും. ഇത്തവണ 25,000 ഹെക്ടറിലാണ് പുഞ്ചക്കൃഷി നടത്തുന്നത്. വിത ആരംഭിച്ചു കഴിഞ്ഞു. വൃശ്ചിക വേലിയേറ്റത്തിൽ വേമ്പനാട്, കായംകുളം കായൽ, തോട്ടപ്പള്ളി ലീഡിംഗ്ചാനൽ എന്നിവിടങ്ങളിലൂടെയാണ് ഓരുവെള്ളം കൃഷിയിടങ്ങളിൽ കയറിയത്.

ആകെ ഓരുമുട്ടുകൾ: 568

നിർമ്മിക്കേണ്ട ഓരുമുട്ടുകൾ

മേജർ ഇറിഗേഷൻ: 4

ചെങ്ങന്നൂർ ഡിവിഷൻ പരിധിയിൽ : 49

ചേർത്തല സബ്ഡിവിഷൻ പരിധിയിൽ : 515

കഴിഞ്ഞ വർഷവും കൃഷിനാശം

1.ഉപ്പുവെള്ളം കയറുന്നത് കായംകുളം കായൽ, തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി ലീഡിംഗ് ചാനൽ വഴി

2.വൃശ്ചിക വേലിയേറ്റത്തിലെ ഉപ്പുവെള്ളം കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ പുഞ്ചകൃഷിക്ക് വലിയ ഭീഷണിയാണ്

3.കഴിഞ്ഞവർഷം ഓരുമുട്ട് നിർമ്മാണം വൈകിയതിനെ തുടർന്ന് കൃഷിയിടങ്ങൾ ഉപ്പുവെള്ളം കയറി നശിച്ചിരുന്നു

"വേലിയേറ്റത്തിൽ കായലുകൾ വഴി കയറുന്ന ഉപ്പുവെള്ളം തടയാൻ ഓരുമുട്ട് നിർമ്മാണത്തിനുള്ള ടെണ്ടർ ഡിവിഷൻ തലത്തിൽ കഴിഞ്ഞു.

- സജീവ്, എക്‌സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ, ആലപ്പുഴ

വെള്ളത്തിന്റെ ക്രമനില പരിശോധിച്ച് വെള്ളത്തിന്റെ ഉയർച്ച --താഴ്ച മനസിലാക്കി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യാൻ നടപടി സ്വീകരിക്കണം.

- ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ