ajithkumar

ആലപ്പുഴ: നീണ്ട 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ ആലപ്പുഴ സൈബർ സെല്ലിലെ എസ്.ഐ ആയിരുന്ന ആലപ്പുഴ കറുകയിൽ വാർഡ് നവനീതത്തിൽ കെ.അജിത് കുമാറിന്റെ മനസ് നിറയെ കടന്നുപോയ കേസുകളുടെ നാൾവഴികളാണ്. ജില്ലയെ വേട്ടയാടിയിരുന്ന സ്ഥിരം മാലമോഷണ പ്രതികളെയടക്കം പിടികൂടുന്നതിൽ നിർണായക ഡിജിറ്റർ തെളിവുകൾ ശേഖരിക്കാൻ അജിത് അടങ്ങുന്ന സംഘത്തിന് സാധിച്ചിരുന്നു. ഇതിന് കുറ്റാന്വേഷണ മികവിനുള്ള പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഓണർ അജിത്തിന് ലഭിച്ചിട്ടുണ്ട്. 1990ൽ സർവീസിൽ കയറിയ അജിത്ത് 94 കാലഘട്ടം മുതൽ ആലപ്പുഴയിലാണ് സേവനം അനുഷ്ഠിക്കുന്നത്. കുറച്ചുകാലം ട്രാഫിക്കിൽ ജോലി ചെയ്തതൊഴിച്ചാൽ സർവീസിന്റെ ഭൂരിഭാഗവും സൈബർ സെല്ലിനൊപ്പമായിരുന്നു. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക പ്രസീതയാണ് ഭാര്യ. മകൻ: നവനീത്.