
മാവേലിക്കര : നിർമ്മാണം പൂർത്തിയായിട്ടും ഇതുവരെ തുറന്നു കൊടുത്തിട്ടില്ലാത്ത സ്കൂൾ ശൗചാലയം പൊളിച്ചു മാറ്റാൻ ശ്രമിച്ചത് വിവാദമായി. മാവേലിക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ശൗചാലയമാണ് കരാറുകാരൻ അനുമതിയില്ലാതെ പൊളിച്ചത്.
2015ൽ സ്ഥാപിച്ച ശൗചാലയം വെള്ളം ലഭ്യമാകാത്തതിനെ തുടർന്ന് കുട്ടികൾക്കായി തുറന്നു കൊടുത്തിട്ടില്ലായിരുന്നു. ഇന്നലെ രാവിലെയോടെയാണ് സ്കൂളിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ആരംഭിച്ചത്. നഗരസഭയിൽ നിന്ന് കരാറുകാരന് കൊടുത്തിരുന്ന വർക്ക് ഓർഡറിൽ വടക്ക് വശത്തേയും കിഴക്ക് വശത്തേയും ഉപയോഗശൂന്യമായ കെട്ടിടങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പൊളിച്ചു നീക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ശൗചാലയം പൊളിച്ചു നീക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം നഗരസഭ ചെയർമാനെ അറിയിച്ചു. തുടർന്ന് ചെയർമാനും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരും കൗൺസിലർമാരും സ്ഥലത്തെത്തി നിർമ്മാണം നിർത്തിവയ്പിച്ചു. ശൗചാലയത്തിന്റെ മുൻ ഭിത്തികളുടെ ഭാഗം, പിൻവശത്തെ കോൺക്രീറ്റ് മേൽക്കൂരയുടെ ഭാഗം, ക്ലോസെറ്റുകൾ, പൈപ്പുകൾ എന്നിവ പൊളിച്ചു നീക്കിയിട്ടുണ്ട്. 11234 രൂപയ്ക്കാണ് നിലവിലെ കെട്ടിടങ്ങൾ പൊളിക്കുവാനായി കരാറുകാരൻ പണി ഏറ്റെടുത്തത്. എന്നാൽ ശൗചാലയം പഴയ രീതിയിലേക്ക് പുനർ നിർമ്മിക്കണമെങ്കിൽ ഒരു ലക്ഷം രൂപയോളം ചിലവുവരുമെന്ന് നാട്ടുകാർ പറഞ്ഞു.
നവകേരള സദസിന്റെ വേദിയുടെ പിൻഭാഗം ഇവിടെ വരുമെന്നതിനാലാണ് പൊളിക്കലിന്റെ വേഗം കൂട്ടിയതെന്നും ശൗചാലയം പൊളിച്ചു മാറ്റിയതെന്നും ആരോപണമുയരുന്നുണ്ട്.
കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന കാര്യം നഗരസഭയിൽ നിന്ന് അറിയിച്ചിരുന്നില്ല. ഉപയോഗ ശൂന്യമായ കെട്ടിടം പൊളിച്ചു നീക്കാനായി മുമ്പ് അപേക്ഷ കൊടുത്തിരുന്നു. നവകേരള സദസിന്റെ സ്റ്റേജ് നിർമ്മാണം നടക്കുന്നതിനാൽ കെട്ടിടം പൊളിക്കൽ നടക്കുന്നത് അറിഞ്ഞില്ല. സ്റ്റേജ് നിർമ്മാണത്തിനെത്തിച്ചതാണ് ജെ.സി.ബി ഉൾപ്പടെയുള്ള ഉപകരണങ്ങളെന്ന് കരുതി
പുഷ്പ രാമചന്ദ്രൻ , പ്രിൻസിപ്പൽ
ശൗചാലയം പൊളിക്കാൻ അനുമതി നൽകിയിരുന്നില്ല. രാവിലെ ഓവർസിയർമാർ സൂപ്പർവിഷനായി എത്തിയിരുന്നു. അപ്പോൾ പൊളിക്കാൻ നിർദ്ദേശം നൽകിയിരുന്ന കെട്ടിടം മാത്രമാണ് പൊളിച്ചു കൊണ്ടിരുന്നത്. അവർ തിരികെ ഓഫീസിലേക്ക് പോയതിനു ശേഷമാണ് അനുമതി ഇല്ലാതിരുന്ന ശൗചാലയം പൊളിച്ചത്
- മുനിസിപ്പൽ സെക്രട്ടറിയുടെ ചാർജ്ജ് വഹിക്കുന്ന മുനിസിപ്പൽ എൻജിനീയർ
മുനിസിപ്പൽ സെക്രട്ടറിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. മറുപടി ലഭിച്ച ശേഷം ശക്തമായ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരുടെ നിരുത്തരവാദ സമീപനമാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടാകാൻ കാരണം
- നഗരസഭ ചെയർമാൻ