
ആലപ്പുഴ: വേലിയേറ്റ സമയത്ത് ഉയർന്നു കയറുന്ന വെള്ളവും പോളയും ഇവിടെ കെട്ടിക്കിടക്കുന്ന ചെളിയും പുന്നമട ഫിനിഷിംഗ് പോയിന്റിലെത്തുന്ന സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. കരയിൽ നിന്ന് ഹൗസ്ബോട്ടിലേക്ക് കയറുന്നതിനിടെ പലരും മൂക്കുംകുത്തി വീഴും.
അടുത്തിടെ ഹൗസ് ബോട്ടുകളിൽ പരിശോധനയ്ക്കെത്തിയ പോർട്ട് ഉദ്യോഗസ്ഥനും വീണ് പരിക്കേറ്റിരുന്നു.
അപകടങ്ങൾ പതിവായതോടെ വെള്ളത്തിൽ ചവിട്ടാതിരിക്കാൻ ഹൗസ് ബോട്ട് ജീവനക്കാർ തന്നെ പ്രദേശത്ത് കട്ടപാകി അതിന് മുകളിലൂടെ നടത്തിയാണ് സഞ്ചാരികളെ ബോട്ടിൽ പ്രവേശിപ്പിക്കുന്നത്. ആലപ്പുഴയുടെ ഭംഗി ആസ്വദിക്കാനെത്തുന്നവർ ചെളിവെള്ളത്തിൽ നീന്തിയും വീണും ബോട്ടിലേക്ക് കയറേണ്ടി വരുന്നത് ഹൗസ് ബോട്ട് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബോട്ട് ജീവനക്കാർ പറയുന്നു.
മഴ കടുക്കുമ്പോൾ സ്ഥിതി വഷളാകും
കായലിൽ എക്കൽ മണ്ണിടിഞ്ഞ് ആഴം വർദ്ധിക്കുന്നതാണ് വെള്ളം കയറാൻ കാരണം
വേലിയേറ്റത്തിനൊപ്പം കരയ്ക്കെത്തുന്ന പോള സ്ഥലത്ത് കിടന്ന് ചീഞ്ഞളിയും
ടൂറിസം വകുപ്പിന്റെ ഓഫീസിന് മുൻവശം മുതൽ വടക്കോട്ടുള്ള ഭാഗത്താണ് സ്ഥിതി രൂക്ഷം
മഴ കടുക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളാകാനിടയുണ്ട്
പടിക്കെട്ടിന്റെ ഉയരം കൂട്ടണം
വെള്ളം കയറാത്ത തരത്തിൽ പടിക്കെട്ടിന്റെ ഉയരം വർദ്ധിപ്പിച്ചാൽ പ്രശ്നപരിഹാരമാകും. നിലവിൽ സ്റ്റൂൾ, താൽക്കാലിക പടി, ഹാൻഡ് റെയിൽ എന്നിവ സ്ഥാപിച്ചാണ് സഞ്ചാരികളെ ഹൗസ് ബോട്ടിൽ പ്രവേശിപ്പിക്കുന്നത്. പ്രായമായവർക്ക് ഇത് പലപ്പോഴും ആയാസകരമാണ്. പടിക്കെട്ടിന്റെ ഉയരം കൂട്ടിയാൽ സഞ്ചാരികൾക്ക് സുമമമായി ബോട്ടിൽ കയറിയിറങ്ങാനും ഗുണം ചെയ്യും.
മിക്ക ദിവസവും ഇവിടെ ആരെങ്കിലും തെന്നി വീഴാറുണ്ട്. ഇതോടെയാണ് സഞ്ചാരികൾക്ക് നടന്നുകയറാൻ കട്ടകൾ ഇട്ടത്
- ഹാരിസ്, ഹൗസ് ബോട്ട് ജീവനക്കാരൻ