s

ആലപ്പുഴ : തമിഴ്‌നാട്, ഒറീസ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നുള്ള ചെമ്മീൻവരവ് ഗണ്യമായി കുറഞ്ഞത് ജില്ലയിലെ സമുദ്രോത്പന്ന വ്യവസായത്തെയും പീലിംഗ് മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കി. മാറിമാറി വന്ന സർക്കാരുകൾ മേഖലയെ സഹായിക്കുന്നതിൽ ഫലപ്രദമായി ഇടപെടാത്തതാണ് ഇപ്പോഴത്തെ അവസ്ഥയിലെത്തിച്ചതെന്നും ആക്ഷേപമുയരുന്നു. സമുദ്രോത്പന്ന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയുമാണ്.

രാജ്യത്തിന് കഴിഞ്ഞവർഷം 45,000 കോടി വിദേശനാണ്യം നേടിത്തന്ന സമുദ്രോത്പന്ന കയറ്റുമതിയുടെ നട്ടെല്ലാണ് പീലിംഗ് മേഖല. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ പീലിംഗ് ഷെഡുകളിൽ പണിയെടുക്കുന്ന മൂന്ന് ലക്ഷത്തോളം തൊഴിലാളികളും 800 പീലിംഗ് ഷെഡുടമകളുമാണ് ഇപ്പോൾ പ്രതിസന്ധിയിലായിട്ടുള്ളത്.

പീലിംഗ് മേഖലയിലെ 70 ശതമാനം തൊഴിലാളികളും അരൂർ, അമ്പലപ്പുഴ ഭാഗങ്ങളിലുള്ളവരാണ്. ഇതിൽ 90ശതമാനവും സ്ത്രീകളാണ്. ഒരു ബെയ്‌സണിലെ (മൂന്നു കിലോ) ചെമ്മീൻ പൊളിക്കാനുള്ള കൂലി അഞ്ച് വർഷം മുമ്പ് 10 രൂപയായിരുന്നു. ഇപ്പോഴത് 28 രൂപ വരെയുണ്ട്. പ്രതിദിനം 500 മുതൽ 800 രൂപ വരെ വേതനം വാങ്ങുന്നവരാണ് തൊഴിലാളികൾ.

വേണം കൂടുതൽ ചെമ്മീൻ ഫാമുകൾ

1.സംസ്ഥാനത്ത് കൂടുതൽ ചെമ്മീൻ ഫാമുകൾ (വനാമി കൃഷി) തുടങ്ങാൻ സർക്കാർ നടപടി സ്വീകരിക്കണം

2. മതിയായ സർക്കാർ സഹായം ഉറക്കാപ്പണമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം

3.തമിഴ്‌നാട്ടിൽ വനാമി കൃഷി നടത്തുന്നവർക്ക് ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് നിരക്ക് രണ്ട് രൂപയെങ്കിൽ കേരളത്തിൽ 20 രൂപയാണ്

4.ആന്ധ്ര പ്രദേശ് , തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് വനാമി ചെമ്മീൻ ഇപ്പോൾ സംസ്ഥാനത്ത് എത്തുന്നത്

5.ഈ സംസ്ഥാനങ്ങളിൽ ഫാമുകളോട് ചേർന്ന് പീലിംഗ് ഷെഡുകൾ പ്രവർത്തനം ആരംഭിച്ചതും ചെമ്മീൻ വരവിൽ കുറവുണ്ടാക്കി. 6.അന്യസംസ്ഥാനങ്ങളിൽ നിന്ന് മുമ്പ് ലഭിച്ചിരുന്നതിന്റെ ചെമ്മീനിന്റെ 20 ശതമാനം പോലും ഇപ്പോൾ എത്തുന്നില്ല

7.സംസ്ഥാനത്ത് ചെമ്മീ, ഫാമുകളുടെ എണ്ണം വർദ്ധിപ്പിച്ചെങ്കിലേ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പരിഹാരമാവുകയുള്ളൂ

കഴിഞ്ഞവർഷം സമുദ്രോത്പന്ന കയറ്റുമതി (രൂപയിൽ)

രാജ്യത്ത്..................45,000 കോടി

ആന്ധ്ര.............................. 20,000 കോടി

കേരളo............................... 5,600 കോടി

ജില്ലയിൽ

ചെമ്മീൻ ഷെഡുടമകൾ............. 800

തൊഴിലാളികൾ...........................3 ലക്ഷം

വേതനം

ഒരു ബെയ്‌സൺ (മൂന്നു കിലോ) ചെമ്മീൻ പൊളിക്കുന്നതിന് ...................28 രൂപ

സംസ്ഥാനത്തെ പീലിംഗ്ഷെഡുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചെമ്മീൻ തദ്ദേശീയമായി ഉത്പാദിപ്പിക്കണം. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ നവകേരളസദസിന് മുന്നിലെത്തിക്കും.

- ജെ.ആർ.അജിത്ത്, സംസ്ഥാന പ്രസിഡന്റ്, ചേംബർ ഒഫ് കേരള സീഫുഡ് ഇൻഡസ്ട്രി