tur

# പ്രതിമാസപെൻഷൻ 1000 രൂപ വീതം

തുറവൂർ : പണക്കാരനൊന്നുമല്ലാത്ത ഈ പെൻഷൻകാരൻ തന്റെ ജീവിത സായാഹ്നത്തിൽ, നാട്ടിലെ നിരാലംബരായ ആറ് ഭിന്നശേഷിക്കാർ ഉൾപ്പടെ 11 പേർക്ക് പ്രതിമാസപെൻഷൻ നൽകാൻ തുടങ്ങിയിട്ട് മൂന്ന് വർഷമാകുന്നു. സഹകരണ വകുപ്പ് റിട്ട. ജീവനക്കാരൻ തുറവൂർ നെടുംപുറത്ത് എ.ഭാസ്ക്കരൻ നായരാണ് (79) കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിന്റെ നെരിപ്പോടിൽ അമരുന്ന ഭിന്നശേഷിക്കാർക്ക് ചെറുതായെങ്കിലും കൈത്താങ്ങ് ആകുന്നത്.

മൂന്നുവർഷം മുമ്പ് ഒരു ഭിന്നശേഷി ദിനത്തിലാണ് തനിക്ക് കഴിയുന്ന തരത്തിലുള്ള സഹായം നൽകി അവരെ ചേർത്തുപിടിക്കാൻ ഭാസ്ക്കരൻനായർ തീരുമാനമെടുത്തത്. അങ്ങനെ പിതാവിന്റെ ഓർമ്മയ്ക്കായി 'പിതൃസ്മരണ സാന്ത്വന സ്പർശം ' എന്ന പേരിൽ വളമംഗലം തെക്ക് എൻ.എസ്.എസ് കരയോഗത്തിലെ മൂന്ന് വികലാംഗർക്ക് പ്രതിമാസം ആയിരം രൂപ വീതം പെൻഷൻ നൽകിയായിരുന്നു തുടക്കം. പിന്നീട് അത് 11പേരായി. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് പ്രസിഡന്റായ ഭാസ്ക്കരൻ നായരെ സംഘടനയിലെ 6 പേർ കൂടി പിന്തുണച്ച് മാസന്തോറും 1000 രൂപ വീതം അവർ കൂടി നൽകിയതോടെ ഇപ്പോൾ ആകെ 17 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. കുത്തിയതോട് യൂണിറ്റ് സെക്രട്ടറി രാജാമണി ട്രഷറർ കെ.വി.കൃഷ്ണകുമാറും കരയോഗം ഭാരവാഹികളും ഇദ്ദേഹത്തിന്റെ ഉദ്യമത്തിന് സഹായഹസ്തവുമായി ഒപ്പമുണ്ട്. പ്രതിമാസം പെൻഷൻ പറ്റുന്നവരിൽ ഭിന്നശേഷിക്കാർക്ക് പുറമേ കിടപ്പുരോഗികളും മാരക രോഗത്താൽ അവശതയിൽ കഴിയുന്നവരുമുണ്ട്. പെൻഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ച് അവർക്ക് വിഭവസമൃദ്ധമായ ഭക്ഷണവും പാരിതോഷികങ്ങളും ഭാസ്ക്കരൻ നായർ നൽകാറുണ്ട്. പ്രായാധിക്യത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹം മാനവസേവയാണ് മാധവ സേവ എന്ന ആശയത്തിൽ വിശ്വസിക്കുന്നു. നാട്ടുകാരുടെ ഭാസി ചേട്ടനായ ഭാസ്ക്കരൻ നായർ പുതുവർഷത്തിൽ കൂടുതൽ പേർക്ക് കൂടി പ്രതിമാസപെൻഷൻ നൽകാനുള്ള ശ്രമത്തിലാണ്. റിട്ട.അദ്ധ്യാപികയായ ഗിരിജാമണിയാണ് ഭാര്യ. അദ്ധ്യാപകരായ ജയശ്രീ, വിജയ ലക്ഷ്മി എന്നിവരാണ് മക്കൾ.

ഭിന്നശേഷി സഹോദരങ്ങളെ പരമാവധി സഹായിക്കണം,​ സ്നേഹിക്കണം,​ ചേർത്തുപിടിക്കണം എന്നാണ് ഭിന്നശേഷി ദിനത്തിൽ പറയാനുള്ളത്

- എ.ഭാസ്ക്കരൻ നായർ