
ആലപ്പുഴ: ബാങ്ക് ഒഫ് ബറോഡ ദേശീയ തലത്തിൽ സംഘടിപ്പിച്ചു വരുന്ന കർഷക പക്ഷാചരണത്തിൽ (ബറോഡ കിസാൻ പഖ്വാഡ) ആലപ്പുഴ എസ്. ഡി കോളേജ് സുവോളജി വിഭാഗം മേധാവിയും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനുമായ ഡോ.ജി.നാഗേന്ദ്ര പ്രഭുവിനെ ആദരിച്ചു. ചേർത്തലയിൽ നടന്ന ചടങ്ങിൽ ബാങ്ക് ഒഫ് ബറോഡ ചീഫ് ജനറൽ മനേജർ ജഗൻ മോഹൻ, ജനറൽ മനേജർ സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ, തിരുവനന്തപുരം റീജിയണൽ ഹെഡ് ബി.സുദർശനൻ എന്നിവർ ചേർന്നാണ് ഡോ.പ്രഭുവിനെ ആദരിച്ചത്. വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ മികവും പരിസ്ഥിതി സംരക്ഷണം, സമൂഹ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. ചേർത്തല നഗരസഭാദ്ധ്യക്ഷ ഷെർളി ഭാർഗവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.എൻ.ഷിബുകുമാർ, അസി. ഡയറക്ടർ പ്രമോദ് മാധവൻ, ചേർത്തല മുനിസിപ്പൽ കൗൺസിലർ മിത്രവിന്ദാ ബായി തുടങ്ങിയവർ പങ്കെടുത്തു. കേരള സർവകലാശാല സുവോളജി, ബയോടെക്നോളജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, അംഗീകൃത ഗവേഷണ ഗൈഡ് എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്ന ഡോ. പ്രഭു നിലവിൽ അഫിലിയേറ്റഡ് കോളേജുകളിലെ ഏറ്റവും മുതിർന്ന ജന്തുശാസ്ത്ര പ്രൊഫസറാണ്. ഇന്ത്യയിലെ കുളവാഴ വ്യാപനം പഠനവിഷയമായുള്ള ഏകദേശം 3 കോടി രൂപയുടെ അന്താരാഷ്ട്ര ഗവേഷണ പദ്ധതിയിലെ അംഗമാണ്.