op

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയാക് ഒ.പിയുടെ അവസ്ഥ പരിതാപകരം.

സൂപ്പർ‌ സ്പെഷ്യാലിറ്റി ബ്ളോക്കിൽ പ്രവർത്തിക്കുന്ന ഒ.പിയിൽ,​ രജിസ്ട്രേഷന് ശേഷം ഡോക്ടറെ കാണാൻ കാത്തുനിൽക്കുന്ന രോഗികൾക്ക് ഇരിക്കാൻ ആവശ്യമായ കസേര പോലുമില്ല.

തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് കാർഡിയാക് ഒ.പി. സൂപ്പർ സ്‌പെഷ്യാലിറ്റി

ബ്ളോക്കിലെ ഒന്നാംനിലയിലാണ് ഒ.പിയിലേക്ക് എത്തിച്ചേരാൻ ലിഫ്റ്റ് സൗകര്യമുണ്ടെങ്കിലും അവർക്ക് ഇരിക്കാനോ വിശ്രമിക്കാനോ സൗകര്യമില്ല. അതിനാൽ രോഗികൾക്ക്

മണിക്കൂറുകളോളം ഒരേ നിൽപ്പ് നിൽക്കേണ്ടിവരുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഏറ്റവുമധികം രോഗികളെത്തുന്നത്. ശരാശരി 200മുതൽ 250 രോഗികളാണ് ഈ ദിവസങ്ങളിലെത്തുന്നത്.

ജില്ലയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ,​ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രിയിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളാണ് കുടുതലായും എത്തുന്നത്. നെഞ്ചുവേദന, ശ്വാസ തടസം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികൾക്ക് നല്ല വിശ്രമം ആവശ്യമാണ്.

ദൂരസ്ഥലങ്ങളിൽ നിന്ന് യാത്രചെയ്‌തെത്തുന്ന രോഗികൾക്ക് ഇരിക്കാൻ കസേരകളോ,​ ബഞ്ചോ ആവശ്യത്തിന് ഇല്ലെന്നതാണ് ദുരിതം. കഷ്ടിച്ച് ഒരു ഡസൻ ഇരിപ്പിടമേ ഇവിടെയുള്ളു.

ഇത് കാരണം രോഗികളും കൂട്ടിരിപ്പുകാരും കൂട്ടത്തോടെ വെയിറ്റിംഗ് ഏരിയയിൽ നിൽക്കേണ്ട ഗതികേടാണ്. പ്രായമായവരും അവശരുമായ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരായി ചിലപ്പോൾ ഒന്നിലധികംപേരുണ്ടാകും. അവർ കൂടിയാകുമ്പോൾ തിരക്കും തിരക്കുമാകും.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇരുപത് രോഗികളെ വീതമാണ് ഒ.പിയിലേക്ക് പ്രവേശിപ്പിക്കുന്നത്. എന്നാൽ ഇ.സി.ജി , എക്കോ തുടങ്ങിയ പരിശോധനകൾക്ക് ശേഷം വീണ്ടും ഡോക്ടറെ കാണാൻ കാത്തുനിൽക്കുന്നവർ കൂടിയാകുമ്പോഴാണ് ഇവിടത്തെ തിരക്ക് വീണ്ടും വർദ്ധിക്കും.

പരിഹാരം

ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒ.പി ദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയോ രോഗികൾക്ക് വിശ്രമിക്കാൻ ആവശ്യമായ കസേരകൾ സജ്ജമാക്കുകയോവേണം

..........................

രോഗികളുടെ തിരക്ക് കുറയ്ക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കൂടുതൽ കസേരകൾ വെയിറ്റിംഗ് ഏരിയയിൽ ക്രമീകരിച്ചിട്ടുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിലെ തിക്കും തിരക്കും ഒഴിവാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും

- മേധാവി, കാർഡിയോളജി വിഭാഗം