mannar-bustand

മാന്നാർ: രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും റീജണൽ ട്രാൻസ്‌പോർട്ട് അതോറിട്ടിയുടെ അംഗീകാരത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാൻഡ്. അംഗീകാരം ലഭിക്കണമെങ്കിൽ കടമ്പകൾ ഏറെ കടക്കണം. എം.ദേവരാജൻനായർ പ്രസിഡന്റായിരിക്കെ 2000ലാണ് പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് എസ്.രാമചന്ദ്രൻ പിള്ള എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റാൻഡ് നിർമ്മിച്ചത്. മാവേലിക്കര-തിരുവല്ല സംസ്ഥാനപാതയിൽ സ്റ്റോർജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകത്തോട്ട് മാറിയായതിനാൽ ദൂരക്കൂടുതലും ചുറ്റിക്കറക്കവും കാരണങ്ങൾ പറഞ്ഞ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ ആദ്യകാലങ്ങളിൽ സ്റ്റാൻഡിൽ കയറിയിരുന്നില്ല. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാന്നാർ ബസ് സ്റ്റാൻഡ് അറിയുകപോലുമില്ല. സാമൂഹ്യ പ്രവർത്തകർ കോടതി കയറിയതിന്റെ ശ്രമഫലമായിട്ടാണ് ഏറെക്കുറെ ബസുകൾ സ്റ്റാൻഡിൽ കയറിപ്പോകാൻ തുടങ്ങിയത്.

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ നിലവിൽ ബസ്‌ സ്റ്റാൻഡിന് നിരവധി പോരായ്മകളുള്ളതായി കണ്ടെത്തിയതിനാൽ അംഗീകാരം നൽകാനാവില്ലെന്നും നിലവിലെ പോരായ്മകൾ പരിഹരിച്ചശേഷം വീണ്ടും അപേക്ഷ നൽകാനുമാണ് ആലപ്പുഴ ആർ.ടി.ഒ. സജി പ്രസാദിന്റെ നിർദ്ദേശം.

........

# അപേക്ഷ തള്ളി
വർഷങ്ങളായി ബസ്‌ സ്റ്റാൻഡ് പരിപാലത്തിന് ലേലത്തിനു കൊടുക്കുകയും ബസുകളിൽനിന്ന്‌ തുക ഈടാക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തിൽ അംഗീകാരം സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോഴാണ് ആഗസ്റ്റ് എട്ടിലെ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം സെക്രട്ടറി അംഗീകാരം ആവശ്യപ്പെട്ട് ടാൻസ്പോർട്ട് അതോറിട്ടി ചെയർമാനായ കളക്ടർക്ക് അപേക്ഷ നൽകുന്നത്. തുടർന്ന് ആർ.ടി.ഒയുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ എം.വി.ഐ ബി.ജിനേഷ്, എ.എം.വി.ഐ ശ്യാംകുമാർ എന്നിവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, അസി.സെക്രട്ടറി ഹരികുമാർ, ഓഫീസ് അസി.ജിതേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ബസ് സ്റ്റാൻഡിലെത്തി പരിശോധന നടത്തുകയുണ്ടായി.

..................

''കഴിഞ്ഞ 10 വർഷമായി ഭരിച്ച യു.ഡി.എഫ് ഭരണസമിതി ബസ് സ്റ്റാൻഡിനു അംഗീകാരം ലഭിക്കുന്നതിനുള്ള യാതൊരു പ്രവർത്തനവും നടത്താതെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഈ ഭരണസമിതിയുടെ കാലയളവിൽ നൽകിയ അംഗീകാരാപേക്ഷ റോഡ് ട്രാൻസ്പോർട്ട് അതോറിട്ടി തള്ളിയ സാഹചര്യത്തിൽ അവർ ചൂണ്ടിക്കാട്ടിയ പോരായ്മകൾ അടുത്ത പദ്ധതിയിൽ പരിഹരിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ടി.വി.രത്നകുമാരി, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ്