photo

ചേർത്തല: പൊതുവിടങ്ങൾ വായനയുടെ ഇടമാക്കി മാ​റ്റുക എന്ന ആശയം മുൻനിർത്തി ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണി​റ്റ് 'വായിച്ചിരിക്കാം 'എന്ന പേരിൽ പരിപാടി ആരംഭിച്ചു.നൂറു കുട്ടികൾ നൂറു പുസ്തകങ്ങളുമായി പൊതു വിടത്തിൽ മൂന്നു മണിക്കൂർ നേരം മൗന വായന നടത്തുകയും വായനനുഭവങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതിലൂടെ വായനയുടെ ഒരു പുതുസന്ദേശം പൊതുസമൂഹത്തിന് നല്കുകയാണ് ലക്ഷ്യം. വായനയിലേക്ക് കുട്ടികളെ കൊണ്ടുവരിക അതോടൊപ്പം പൊതു സമൂഹത്തിന് ഒരു സന്ദേശം നല്കുക ഈ രണ്ട് കാര്യങ്ങൾ ഒന്നിച്ച് ചേർത്താണ് ഈ പൊതുവിട വായനയ്ക്ക് തുടക്കം കുറിച്ചത്. വായനയിൽ എഴുത്തുകാരായ ഷീജ വിവേകാനന്ദൻ,സോണി വർഗീസ്,ഷാജി മഞ്ജരി എന്നിവർ മുഖ്യാതിഥികളായി. സ്‌കൂൾ പ്രിൻസിപ്പൽ എൻ.കെ.ഹരികുമാർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.ലിനിമോൾ,പി.ടി.എ വൈസ് പ്രസിഡന്റ് സിന്ധു ഷൈജു എന്നിവർ പങ്കെടുത്തു.ഈ വായനക്കൂട്ടം ഒരു തുടർക്കാഴ്ച്ചയായി മാറാനും ഇതിലെ വായനക്കാർക്ക് വായന ഒരു ശീലമാക്കി മാ​റ്റാനും കഴിയണമെന്ന് പ്രോഗ്രാം ഓഫീസർ ആർ.ലിനിമോൾ പറഞ്ഞു.