മാന്നാർ: നവകേരള സദസിന് മാന്നാർ ഗ്രാമപഞ്ചായത്ത് വിഹിതം നൽകാൻ പറ്റില്ലെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ യു.ഡി.ഫ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. എല്ലാ പഞ്ചായത്തുകളും തനത് ഫണ്ടിൽ നിന്ന് 50,000 രൂപ വീതം നിർബന്ധമായും നൽകണമെന്നുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം തുക നൽകുന്നതിനെ എതിർക്കുന്നത്. പഞ്ചായത്തിൽ നിന്ന് പിരിക്കുന്ന കരം നാട്ടിലെ വികസന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കേണ്ടതെന്നും നവകേരള സദസ് പോലെയുള്ള ആർഭാടങ്ങൾക്കായി നൽകാൻ പറ്റില്ലെന്നുമാണ് പ്രതിപക്ഷ നിലപാട്. യു.ഡി.എഫ് അംഗങ്ങളായ സുജിത്ത് ശ്രീരംഗം, അജിത്ത് പഴവൂർ, വത്സലാ ബാലകൃഷ്ണൻ, മധുപുഴയോരം, ഷൈന നവാസ്, രാധാമണി ശശീന്ദ്രൻ, വി.കെ ഉണ്ണികൃഷ്ണൻ, പുഷ്പലത എന്നിവർ ഒപ്പിട്ട കത്താണ് സെക്രട്ടറിക്ക് നൽകിയത്.