
ആലപ്പുഴ: വരൾച്ചയെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന, രോഗപ്രതിരോധശേഷിയുള്ള മൂന്ന് നെൽവിത്തുകൾ മങ്കൊമ്പിലെ എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചു. അഞ്ചുവർഷത്തെ ഗവേഷണത്തിനൊടുവിലായിരുന്നു ഇവയുടെ പിറവി. പാടശേഖര പരീക്ഷണത്തിൽ നൂറ് മാർക്കും നേടിയ ഇവയ്ക്ക് കാർഷിക സർവകലാശാലയുടെയും സംസ്ഥാന വിത്ത് ഗവേഷണ കൗൺസിലിന്റെയും അംഗീകാരം ലഭിച്ചാൽ പേരിടും.
കേരളത്തിന്റെ പൈതൃക നെൽവിത്തുകളായ തവളക്കണ്ണൻ, ഉമ എന്നിവ മറ്റിനങ്ങളുമായി സംയോജിപ്പിച്ചാണ് പുതിയവ തയ്യാറാക്കിയത്. 2015ൽ 'പ്രത്യാശ"യ്ക്കും 2018ൽ 'പൗർണമി"യ്ക്കും ശേഷം ആദ്യമായാണ് ഒരേ സമയം മൂന്ന് നെൽവിത്തുകളുടെ ഗവേഷണം പൂർത്തിയായത്. 2022ൽ എട്ട് ഏക്കറിലും 2023ൽ പത്തേക്കറിലും കൃഷിയിറക്കിയപ്പോൾ മികച്ച വിളവാണ് ഇവ നൽകിയത്. ഇവയുടെ പോഷകാംശ പരിശോധന ഉൾപ്പെടെയുള്ള കടമ്പകളാണ് ശേഷിക്കുന്നത്. നെല്ല് ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ പ്രൊഫ. എം. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഡോ. വീണ, അസിസ്റ്റന്റ് പ്രൊഫസർമാരായ അമ്പിളി, ഹണി എന്നിവരടങ്ങുന്ന സംഘമാണ് ഗവേഷണം നടത്തിയത്.
വലിപ്പവും തൂക്കവും കൂടുതൽ
കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കും
രണ്ടാഴ്ച വെള്ളത്തിൽ കിടന്നാലും നാമ്പ് ചീയില്ല
ഏക്കറിന് 3000 കിലോയ്ക്ക് മുകളിൽ ഉത്പാദനശേഷി
പോള രോഗം, മുഞ്ഞ, ഓല കരിച്ചിൽ പോലുള്ളവ ബാധിക്കില്ല
രോഗപ്രതിരോധ ശേഷി കൂടുതലായതിനാൽ കീടനാശിനി പ്രയോഗം കുറവ്
110 ദിവസംകൊണ്ട് മൂപ്പെത്തും.
നെല്ലിന് വലിപ്പവും തൂക്കവും കൂടുതൽ. അരിക്ക് ചുവന്ന നിറം
തവളക്കണ്ണൻ
കേരളത്തിൽ കൂടുതൽ കൃഷിചെയ്തിരുന്ന ഇടത്തരം മൂപ്പുള്ള (130 ദിവസം) നാടൻ നെല്ല്
മട്ട അരിക്കുത്തമം
മലയിടുമ്പൻ എന്നും പേര്
ഉയരം രണ്ടടി വരെ, ചുവന്ന അരി.
കേരള കാർഷിക സർവകലാശാലയുടെയും വിത്ത് ഗവേഷണ കൗൺസിലിന്റെയും അംഗീകാരം നേടിയശേഷമേ നാമകരണവും ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകൂ. പ്രളയവും കൊവിഡും പഠന ഗവേഷണങ്ങൾക്ക് തടസമായിരുന്നു.
- പ്രൊഫ. എം. സുരേന്ദ്രൻ, നെൽഗവേഷണ കേന്ദ്രം മേധാവി