ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക,​ ലിംഗവിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി വനിതാ - ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള 'ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ' ജില്ലയിൽ മുന്നേറുന്നു. കഴിഞ്ഞ 25ന് ആരംഭിച്ച ക്യാമ്പയിൻ മനുഷ്യാവകാശദിനമായ 10ന് അവസാനിക്കും. ബോധവത്കരണ ക്ലാസുകൾ, സ്വയം പ്രതിരോധം, ഫ്ലാഷ് മോബുകൾ, ചർച്ചകൾ, മത്സരങ്ങൾ തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി നടന്നുവരുന്നത്. ജീവിത പങ്കാളിയിൽ നിന്നും വീട്ടിൽ നിന്നുമുള്ള പീഡനങ്ങളെ ചെറുക്കുക, തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുക, പൊതുസ്ഥലത്ത് ഭയമില്ലാതെ നടക്കാൻ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്യാമ്പയിന് പിന്നിലുണ്ട്. ജില്ലാ ഭരണകൂടത്തിന് കീഴിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും അങ്കണവാടി, കുടുംബശ്രീ തുടങ്ങിയവ വഴി താഴെത്തട്ട് വരെ ബോധവത്ക്കരണം എത്തിച്ചുമാണ് പ്രവർത്തനം.

കുറ്റക‌ൃത്യങ്ങൾ

സ്ത്രീകൾക്ക് നേരെ

2022 : 18943

2023 ഒക്ടോബർ വരെ: 16322

കുട്ടികൾക്ക് നേരെ

2022 : 5315

2023 ഒക്ടോബർ വരെ: 4254

'ഓറഞ്ച് 'ലക്ഷ്യങ്ങൾ

#സ്ത്രീകൾക്ക് തുല്യതയും ബഹുമാനവും

#അതിക്രമസാഹചര്യം ഒഴിവാക്കുക

#സ്ത്രീധനത്തിനെതിരെ ബോധവത്ക്കരണം

ജനപ്രതിനിധികൾ, വിവിധ യൂണിയൻ നേതാക്കൾ, വിദ്യാർത്ഥികൾ, യുവാക്കൾ, സാമൂഹ്യപ്രവർത്തകർ, വിവിധ വകുപ്പ് മേധാവികൾ, പൊതുജനങ്ങൾ, എൻ.ജി.ഒകൾ, സ്ത്രീ സംഘടനകൾ തുടങ്ങിയവരെയും ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ മുന്നേറുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കേണ്ടത് സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്തമാണ്

-എൽ.ഷീബ, ജില്ലാവനിതാശിശു വികസന ഓഫീസർ