ആലപ്പുഴ : ഓണവും വിഷുവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പച്ചക്കറികൾ വിറ്റഴിക്കപ്പെടുന്ന മണ്ഡലകാലത്ത് നാടൻ പച്ചക്കറികൾ ലഭ്യമാക്കാൻ കഴിയാതെ ഹോർട്ടികോർപ്. ഉത്പാദകരിൽ നിന്ന് സംഭരിച്ച പച്ചക്കറിയുടെ വില നൽകാനാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതോടെ കർഷകർ ഹോർട്ടികോർപിന് പച്ചക്കറി നൽകാതായി. ഇതോടെ, മണ്ഡലകാലം ആരംഭിച്ചശേഷം ജില്ലയിലെ ഹോർട്ടികോർപ്പ് വിൽപ്പന ശാലകളിൽ പലേടത്തും നാടൻ പച്ചക്കറികൾ കണികാണാനില്ലാത്ത സ്ഥിതിയാണ്.

കാലവർഷത്തിന് ശേഷം ഇടവിട്ട് പെയ്ത മഴയും ഇത്തവണ പച്ചക്കറികൃഷിയെ കാര്യമായി ബാധിച്ചു. സെപ്തംബറിന് ശേഷവും കനത്ത മഴ തുടർന്നത് പച്ചക്കറി കൃഷിയിടങ്ങൾ പലതും വെളളത്തിലകപ്പെടാനും കൃഷി അസാദ്ധ്യമാകാനും കാരണമായതും ഉത്പാദനത്തെ ബാധിച്ചു.

പൊതുവിപണിയിൽ പച്ചക്കറി വില ഉയരുന്ന മണ്ഡലകാലത്ത് ന്യായവിലയ്ക്ക് പച്ചക്കറികൾ വാങ്ങാൻ ഹോർട്ടി കോർപ്പ് സ്റ്റാളുകളെയാണ് ഉപഭോക്താക്കൾ പൊതുവേ ആശ്രയിക്കുന്നത്. നേരിട്ടും അല്ലാതെയും രണ്ട് ഡസനോളം സ്റ്റാളുകളാണ് ജില്ലയിൽ ഹോർട്ടികോർപ് നടത്തുന്നത്.

കർഷകർ പച്ചക്കറി നൽകുന്നില്ല

1.നൽകിയ പച്ചക്കറിയുടെ വില കുടിശികയായതിനാൽ കർഷകർ ഉത്പന്നങ്ങൾ ഹോർട്ടികോർപിന് നൽകുന്നില്ല

2.സ്വകാര്യ വ്യക്തികൾ നടത്തുന്ന കടകളിൽ തങ്ങളുടെ ഉത്പന്നം വിൽക്കുകയാണ് കർഷകർ

3.രണ്ട് ലക്ഷത്തോളം രൂപയാണ് ഗ്രാമപ്രദേശങ്ങളിലെ ഉത്പാദകർക്ക് ഇനിയും നൽകാനുള്ളത്

4.നാടൻ പച്ചക്കറി ലഭ്യമല്ലാത്തത് ഉപഭോക്താക്കളെ ഹോർട്ടികോർപ് സ്റ്റാളുകളിൽ നിന്ന് അകറ്റുന്നു

കിട്ടാത്ത ഇനങ്ങൾ

ചേന, ചേമ്പ്, കാച്ചിൽ, സവാള, തക്കാളി, കത്രിക്ക, നാടൻ പച്ചമുളക്, കോവയ്ക്ക, ശീമക്കിഴങ്ങ്, വെളളരി, തടിയൻ, മത്തങ്ങ

ചില പച്ചക്കറി ഇനങ്ങൾക്ക് ക്ഷാമമുണ്ട്. അവ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു

- ജില്ലാ മാനേജർ,ഹോർട്ടികോർപ്പ്