kavi

ആലപ്പുഴ : വർഷങ്ങളായി മാലിന്യം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണി ഉയർത്തുകയാണ് നഗരത്തിലെ തോടുകൾ. ചന്ദനക്കാവ് കാവിത്തോടാണ് ഇതിൽ പ്രധാനം. പ്ലാസ്റ്റിക് മാലിന്യത്തിന് പുറമേ ഇലക്ട്രോണിക് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഒഴുക്കില്ലാത്ത തോട്ടിൽ കെട്ടിക്കിടക്കുന്നു. പാലസ്, പഴവീട് വാർഡുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കാവിത്തോടിന്റെ ഇരു കരകളിലും താമസിക്കുന്നവർ നിത്യേന തോട്ടിൽ നിന്നുള്ള ദുർഗന്ധം ശ്വസിക്കേണ്ട ഗതികേടിലാണ്. നീരൊഴുക്കില്ലാത്തതിനാൽ കൊതുക് ശല്യവും രൂക്ഷമാണ്. നഗരത്തിൽ പ്രധാന മാലിന്യ വാഹിനിയായിരുന്ന റാണി തോട്ടിൽ ആറ് മാസം മുമ്പ് നടത്തിയ ശുചീകരണത്തിൽ പഴയ കിടക്കകൾ അടക്കമാണ് നീക്കം ചെയ്തിരുന്നത്. സമാനമായ ബൃഹത്ത് ശുചീകരണം നടത്തിയാൽ മാത്രമേ കാവിത്തോടിനെയും തെളിച്ചെടുക്കാൻ സാധിക്കുകയുള്ളൂ.

സമരമല്ലാതെ മറ്റ് വഴിയില്ല

കാവിത്തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിത്തവണ പഴവീട് - പാലസ് വാർഡ് കൗൺസിലർമാർ സംയുക്തമായി നഗരസഭയ്ക്ക് കത്ത് നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് പാലസ് വാർഡ് പ്രതിനിധി പി.എസ്.ഫൈസൽ പറഞ്ഞു. തോട് ശുചീകരണത്തിനായി വർഷം തോറും അനുവദിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ആ ഫണ്ട് ഉപയോഗിച്ചാണ് ചെ:ുതോടുകൾ വൃത്തിയാക്കുന്നത്. മുമ്പ് രണ്ട് തവണ നഗരസഭയുടെ ഇടപെടലിൽ തോട് വൃത്തിയാക്കി തന്നിരുന്നെങ്കിലും നാളുകളായി തിരിഞ്ഞുനോക്കുന്നില്ല. കൈയിൽ നിന്ന് പണം മുടക്കി മാലിന്യം നീക്കാൻ തയാറാണെങ്കിലും, എടുക്കുന്ന മാലിന്യങ്ങൾ എവിടേയ്ക്ക് മാറ്റുമെന്നത് വെല്ലുവിളിയാണെന്നും ജനപ്രതിനിധികൾ പറയുന്നു.

കാവിത്തോടിന്റെ മാലിന്യ പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് കടക്കും. അതിന് രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങളും ജനപ്രതിനിധികളും രംഗത്തിറങ്ങും

- പി.എസ്.ഫൈസൽ, പാലസ് വാർഡ് കൗൺസിലർ