അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പ്രീപെയ്ഡ് ആംബുലൻസ് സർവീസുണ്ടെങ്കിലും ചില സ്വകാര്യ ആംബുലൻസുകാർ മൃതദേഹം കൊണ്ടു പോകുന്നതിൽ അനാവശ്യ തർക്കം ഉന്നയിക്കുന്നതായി പരാതി. മിതമായ നിരക്കിൽ ഓടാൻ നാല് സർക്കാർ ആംബുലൻസുകൾ ആശുപത്രിയിലുണ്ടെങ്കിലും സ്വകാര്യ ആംബുലൻസുകാർ രോഗികളുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി അമിത നിരക്കിൽ ഓട്ടം പിടിക്കുന്നതായും ആക്ഷേപമുണ്ട്.

ഇന്നലെ പുലർച്ചെ കൃപാസനം പള്ളിക്ക് മുന്നിൽ ലോറിയിടിച്ചു മരിച്ച തിരുവനന്തപുരം സ്വദേശിനിയായ കാർമ്മലിന്റെ (85) മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി വലിയ തർക്കമാണ് ഉണ്ടായത്. മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിന് 6500 രൂപയാണ്

സ്വകാര്യ ആംബുലൻസുകാർ ബന്ധുക്കളോട് ചോദിച്ചത്. എന്നാൽ,​ തങ്ങൾ നിർദ്ധന കുടുംബത്തിലെയാണെന്നും തിരുവനന്തപുരത്തു നിന്ന് കുറഞ്ഞ നിരത്തിൽ ആംബുലൻസ് വിളിച്ചോളാമെന്ന് പറഞ്ഞെങ്കിലും അതുപറ്റില്ലെന്ന വാശിയിലായിരുന്നു അവർ. കൃപാസനം അധികൃതർ മൃതദേഹം സൗജന്യമായി നാട്ടിലെത്താക്കാമെന്ന് പറഞ്ഞിട്ടും അവർ വഴങ്ങിയില്ല.

ഇതോടെ കാർമ്മലിന്റെ ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിലും എം.എൽ.എക്കും പരാതി നൽകുകയായിരുന്നു. പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് ആംബുലൻസുകാർ പിന്മാറിയത്. തുടർന്ന്,​ കൃപാസനം ഏർപ്പെടുത്തിയ ആംബുലൻസിൽ മൃതദേഹം സൗജന്യമായി നാട്ടിലെത്തിച്ചു.