മാന്നാർ: ചെങ്ങന്നൂർ മണ്ഡലത്തിലെ നവകേരള സദസിനെ വരവേൽക്കാൻ മാന്നാർ പഞ്ചായത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. 16ന് ചെങ്ങന്നൂരിൽ നടക്കുന്ന നവകേരള സദസിൽ മാന്നാർ പഞ്ചായത്തിൽ നിന്ന് അയ്യായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവകേരള സദസിനു മുന്നോടിയായി വിവിധ ദിവസങ്ങളിലായി ശ്രദ്ധേയമായ പരിപാടികളാണ് മാന്നാറിൽ സംഘടിപ്പിക്കുന്നത്. ബൂത്തടിസ്ഥാനത്തിൽ നടത്തി വരുന്ന വീട്ടുമുറ്റ സദസുകളിൽ ജനപങ്കാളിത്തം ഏറെ പ്രകടമാണ്. ഇരുന്നൂറ്റിഅമ്പതോളം വീട്ടുമുറ്റ സദസുകളാണ് നിശ്ചിത ദിവസത്തിനുള്ളിൽ നടത്തുവാൻ ശ്രമിക്കുന്നത്. മാന്നാർ പഞ്ചായത്തിലെ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന 'പഠനോത്സവം' ക്വിസ് മത്സരം മാന്നാർ നായർ സമാജം സ്‌കൂളിൽ ഇന്ന് ഉച്ചക്ക് 1.30 ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്‌ഘാടനം ചെയ്യും. 9 ന് വൈകട്ട് 3 ന് സാംസ്‌കാരിക ഘോഷായാത്ര പന്നായിക്കടവിൽ നിന്ന് ആരംഭിച്ച് മാന്നാർ ബസ് സ്റ്റാൻഡിൽ സമാപിക്കും. 10 വൈകിട്ട് 3 ന് കോയിക്കൽമുക്കിൽ നിന്ന് മാന്നാർ ബസ് സ്റ്റാൻഡിലേക്ക് കൂട്ടയോട്ടം സംഘടിപ്പിക്കും.11 ന് കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി ഓഡിറ്റോറിയത്തിൽ പരമ്പരാഗത വ്യവസായങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ രാവിലെ 9.30 ന് സെമിനാർ നടക്കും. 14 ന് വൈകിട്ട് 3 ന് ചെന്നിത്തലയിൽ നിന്ന് ചെങ്ങന്നൂർ വരെ ആയിരക്കണക്കിന് ബൈക്കുകൾ പങ്കെടുക്കുന്ന റാലി നടക്കും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ ബി.കെ.പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സലിം പടിപ്പുരയ്ക്കൽ, സുജാത മനോഹരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.