
കുട്ടനാട്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറുകൾ നശിച്ചതിനെ തുടർന്ന് കുട്ടനാട്ടിലെ കായൽ നിലങ്ങളിലെ പമ്പിംഗ് നിലച്ചത് പുഞ്ചകൃഷിയെ പ്രതിസന്ധിയിലാക്കി. വിതയ്ക്കു ശേഷം പാടങ്ങളിൽ കയറ്റിയിട്ടുന്ന വെള്ളം പമ്പ് ചെയ്തു കളയാൻ മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. ഐ ബ്ലോക്ക്, പഴേ പതിനാലായിരം, ഇ ബ്ലോക്ക് എന്നീ കായലുകളിലെ കൃഷിയാണ് വെള്ളത്തിലായത്.
കെ.എസ്.ഇ.ബിയുടെ പള്ളം സെക്ഷനാണ് ഈ മേഖലയിലെ വൈദ്യുതി വിതരണത്തിന്റെ ചുമതല. കഴിഞ്ഞ ദിവസങ്ങളിൽ നശിച്ച ട്രാൻസ്‌ഫോർമറിന്റെ അതേ പവറിലുള്ളവ സ്റ്റോക്ക് ഇല്ലാത്തതിനാൽ വൈദ്യുതിപ്രശ്നം പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവന്നേക്കുമെന്നാണറിയുന്നത്. ഇത് പാടത്തിറക്കിയ വിത്ത് വെള്ളത്തിൽ കിടന്ന് നശിക്കുന്നതിനിടയാക്കും. വീണ്ടും വിതയ്‌ക്കേണ്ടി വന്നാൽ അത് പുഞ്ചകൃഷിയുടെ താളം അപ്പാടെ തെറ്റുന്നതിന് കാരണമാകും. വൈദ്യുതി തകരാർ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.