
ചേർത്തല: നടി മോനിഷ വാഹനാപകടത്തിൽ മരിച്ചിട്ട് ഇന്ന് 31 ആണ്ട്.
1992 ഡിസംബർ അഞ്ചിന് പുലർച്ചെ ആറോടെ കവലയിലുണ്ടായ അപകടത്തിലാണ് മലയാളസിനിമയിലെ ശുഭ്രതാരകമായി ഉയർന്നുവന്ന മോനിഷ കൊല്ലപ്പെട്ടത്. ഔദ്യോഗികമല്ലെങ്കിലും, ദേശീയപാതയിലെ എക്സറേ ബൈപാസ് ഉൾപ്പെട്ട കവല നാട്ടുകാർക്ക് ഇന്നും മോനിഷ കവലയാണ്. അപകടശേഷം കവലയിൽ ഏറെ മാറ്റങ്ങൾ വന്നു. ദേശീയപാത നവീകരണത്തിൽ ഇവിടെ ഉയരപാതയുമെത്തുന്നതോടെ കവല പൂർണമായും മാറും. എന്നാലും മൂന്നുപതിറ്റാണ്ടിനപ്പുറവും മോനിഷയുടെ ഓർമ്മകൾ കവലയിൽ നിറഞ്ഞു തന്നെ നിൽക്കുന്നു. ചേർത്തലയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ ബൈപാസിലെ ഡിവൈഡറിൽ തട്ടി നിയന്ത്റണം തെറ്റിയ കാർ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. ബസിന്റെ വശത്തിടിച്ചുകാർ വലിയ ശബ്ദത്തോടെ മറിഞ്ഞു തകർന്നു. കാറിന്റെ പിൻസീറ്റിൽ അമ്മ ശ്രീദേവിഉണ്ണിയുടെ മടിയിൽ കിടന്നുറങ്ങുകയായിരുന്നു മോനിഷ.
കാർ ഡ്രൈവർ ശ്രീകുമാറും അപകടത്തിൽ മരിച്ചു. സിനിമാലൊക്കേഷനിൽ നിന്ന് കൊച്ചിയിലേക്കുമടങ്ങുമ്പോഴായിരുന്നു അപകടം. ചേർത്തല നഗരത്തിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് ദേശീയപാതയിൽ പ്രവേശിക്കുന്ന ഇടമാണ് എക്സറേകവല. ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമുണ്ടാക്കിയ ഈ ദുരന്തത്തിന് ശേഷമാണ് സിഗ്നൽ സംവിധാനം ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ കവലയിൽ വരുത്തിയത്.