
ആലപ്പുഴ : നിരോധിത ഹോണും കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതാലങ്കാരങ്ങളുമായി ടൂറിസ്റ്റ് ബസുകൾ തലങ്ങും വിലങ്ങും പായുമ്പോഴും നടപടി പേരിന് മാത്രം. മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തി യാത്രാവിലക്ക് ഏർപ്പെടുത്തിയ ബസുകളിൽ പലതും അന്യ ജില്ലകളിൽ നിന്നെത്തി ജില്ലയിലെ നിരത്തുകളിൽ സജീവമാണ്. ഏതു കുരുക്കിൽപ്പെട്ടാലും ഉടമകൾ നിസാരമായി തലയൂരുന്നതും
നിയമലംഘനങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു.
ടൂറിസ്റ്റ് ബസപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് മോട്ടോർ വാഹനവകുപ്പും പൊലീസും കർശന നടപടികളുമായി രംഗത്തെത്തുന്നതെന്നും ആക്ഷേപമുണ്ട്. വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോകുന്ന വാഹനങ്ങൾ ആർ.ടി ഓഫീസുകളിൽ എത്തിച്ച് ഫിറ്റ്നസ് ഉറപ്പു വരുത്തണമെന്ന് നിർദേശമുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല. ഡാൻസിംഗ് ഫ്ളോറും അനാവശ്യ ലൈറ്റുകളും സൗണ്ട് സിസ്റ്റവും പാടില്ലെന്നുമുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതിന് വിരുദ്ധമായാണ് പലബസുകളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. നിയമം ലംഘിക്കുന്ന ബസുകൾ മുമ്പ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് പൊലീസിന് കൈമാറിയിരുന്നു എന്നാൽ, പിടിച്ചെടുക്കുന്ന വാഹനങ്ങൾ സ്റ്റേഷനുകളിൽ സൂക്ഷിക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതോടെ മോട്ടോർ വാഹന വകുപ്പ് വെട്ടിലായി.
പരിശോധന ശക്തമാക്കും
എയർ ഹോൺ മുഴക്കിയാൽ കർശന നിയമ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ്
നിരോധിത ഹോണുകൾ ഒന്നിലധികം തവണ ഉപയോഗിച്ചതായി കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
രാത്രികാലത്ത് നിയമം ലംഘിച്ച് ലൈറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച പരാതികളിലും നടപടി ശക്തമാക്കും
ഹെൽമറ്റില്ലെങ്കിൽ 500, ആഡംബര ലൈറ്റിന് 250!
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ 500 രൂപ പിഴയടയ്‌ക്കേണ്ടി വരുമ്പോൾ ബസുകളിൽ ആഡംബര ലൈറ്റോ ശബ്ദ സംവിധാനങ്ങളോ കണ്ടെത്തിയാൽ പിഴ 250 രൂപ മാത്രമാണ്. ഇതും തെറ്റ് ആവർത്തിക്കാൻ സഹായകമാകുന്നു.
ഫിറ്റ്നസില്ലാത്ത ബസ് കസ്റ്റഡിയിൽ
എട്ട് മാസം മുമ്പ് ഫിറ്റ്നസ് കാലാവധി അവസാനിച്ച ടൂറിസ്റ്റ് ബസ് ആലപ്പുഴ ആർ.ടി.ഒയുടെ നേതൃത്വത്തകലുള്ള സംഘം കസ്റ്റഡിയിലെടുത്തു. വയനാട് നിന്നും തിരുവനന്തപരുത്തേക്കു യാത്രക്കാരുമായി വന്ന ബസ് ആലപ്പുഴ കൊമ്മാടി ബൈപ്പാസിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ പി.അനൂപ്, എം.ആർ.ഷിബുകുമാർ, കെ.രഞ്ജിത് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2023 മാർച്ച് 11ന് ബസ്സിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചകരുന്നു. വാഹനത്തിന്റെ ബ്രേക്ക് കണ്ടീഷനും മോശം അവസ്ഥയിലാണെന്ന് പരിശോധനയിൽ വ്യക്തമായി. നികുതിയടച്ചതടക്കമുള്ള പേപ്പറുകളും ഉണ്ടായിരുന്നില്ല. ബസ്സിലുണ്ടായിരുന്ന 48 യാത്രക്കാരെയും മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ഉദ്യോഗസ്ഥർ അനുവദിച്ചു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർ.ടി.ഒ ജി.എസ്.സജിപ്രസാദ് ഉത്തരവിട്ടു.
പരിശോധന കടുപ്പിക്കുമ്പോൾ തത്കാലത്തേക്ക് അനധികൃത ലൈറ്റുകളും ഹോണുകളും നീക്കും. പിന്നീട് ഇവ പുനഃസ്ഥാപിക്കും. അദാലത്തുകളിലും മറ്റും കുറഞ്ഞ പിഴയാണ് ശിക്ഷിക്കുന്നത് എന്നതും നിയമലംഘനങ്ങൾ ആവർത്തിക്കാൻ വഴിയൊരുക്കുന്നു
-മോട്ടോർ വാഹന വകുപ്പ് അധികൃതർ