
ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പിനും നവകേരളസദസിനും ദിവസങ്ങൾ മാത്രം അവശേഷിക്കെ അഴകോടെ ആലപ്പുഴയ്ക്ക് അപമാനമായി നഗരഹൃദയത്തിൽ കരിയിലക്കൂനകളും മാലിന്യവും. കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി വൈ.എം.സി.എ - കെ.എസ്.ആർ.ടി.സി റോഡിന്റെ വശങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങളാണ് അപകടക്കെണിയായി കൂടിക്കിടക്കുന്നത്.
വാടക്കനാലിന്റെ ഇരുകരകളിലും ശിക്കാരവള്ളങ്ങളുൾപ്പെടെയുള്ള ജലയാനങ്ങൾ കെട്ടിയിടുന്നതിനോട് ചേർന്നാണ് മരങ്ങൾ മുറിച്ചുനീക്കിയതിന്റെ കൊമ്പുകളും ഉണങ്ങിയ ചില്ലകളും ഇലകളുമെല്ലാം നീക്കം ചെയ്യാനുള്ളത്. മഴമാറി വെയിൽ കടുത്തതോടെ മരച്ചില്ലകളും കമ്പുകളും ഉണങ്ങിക്കരിഞ്ഞ നിലയിലാണ്. വഴിയാത്രക്കാരാരെങ്കിലും വലിച്ചെറിയുന്ന ഒരു സിഗരറ്റ്കുറ്റിയോ തീപ്പട്ടിക്കമ്പോ മതി നിമിഷങ്ങൾക്കകം പ്രദേശം തീച്ചൂളയാകും.
ശിക്കാരവള്ളങ്ങൾക്ക് സമീപത്തെ കച്ചവടക്കാർക്കും കരിയിലക്കൂമ്പാരം വലിയ ഭീഷണിയാണ്.
നഷ്ടക്കണക്ക് നിരത്തി കരാറുകാരൻ
മരക്കൊമ്പുകൾ നീക്കം ചെയ്യാനുള്ള ചുമതല കരാറുകാരനാണ്. നഷ്ടത്തിന്റെ പേരിൽ കരാറുകാരൻ അത് നീക്കം ചെയ്യുന്നതിൽ കാട്ടുന്ന ഉദാസീനതയാണ്
പ്രശ്നമായതെന്നാണ് അധികൃതരുടെ വിശദീകരണം. ചിലയിടങ്ങളിലെ മരക്കൊമ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്‌തെങ്കിലും മുഖ്യന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കുന്ന എസ്.ഡി.വി സ്കൂളിന് എതിർവശത്തെ കനാൽക്കരയിൽ മരച്ചില്ലകളും കരിയിലയും ഇപ്പോഴും കൂടിക്കിടക്കുകയാണ്. ഇതിന്റെ മറവിൽ പുറത്തുനിന്നുള്ള മരങ്ങളുടെ വേരും കുറ്റികളും ഉൾപ്പെടെ മാലിന്യം ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്.
മാത്രമല്ല, റോഡ് നവീകരണത്തിന്റെ ഭാഗമായി ഇനിയും മരങ്ങൾ മുറിച്ചുനീക്കാനുണ്ടെങ്കിലും അമിത കൂലിയും ക്രെയിനും ജെ.സി.ബിയും ഉൾപ്പെടെയുള്ളവയുടെ വാടകയും മരങ്ങളുടെ വിലകിട്ടാനുള്ള താമസവും കാരണം കരാറുകാരൻ മെല്ലെപ്പോക്കിലുമാണ്.
......................
ഗതാഗതത്തിരക്കേറിയ റോഡാണിത്. കനാൽക്കരയിൽ റോഡിനോട് ചേർന്നാണ് മരക്കമ്പുകളും ചില്ലകളും കൂട്ടിയിട്ടിരിക്കുന്നത്. യാത്രക്കാർക്ക് വശത്തേക്ക് ഒഴിഞ്ഞുനിൽക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണ്. ദിവസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന ചില്ലകൾക്കും ചപ്പുചവറുകൾക്കുമിടയിൽ ഇഴജന്തുക്കൾ താവളമടിച്ചിട്ടുണ്ട്
- സദാശിവൻ, പുന്നമട
വിനോദസഞ്ചാര സീസണായതോടെ ടൂറിസ്റ്റുകൾക്ക് ബോട്ടുകളിലോ, കനാൽക്കരയിലോ കാലുകുത്താനാകാത്തവിധമാണ് മരക്കമ്പുകളും മാലിന്യവും കൂടിക്കിടക്കുന്നത്
- ജോസ്, ബോട്ട് ജീവനക്കാരൻ
നവകേരള സദസിന് മുന്നോടിയായി മരക്കമ്പുകളും ചില്ലകളും നീക്കം ചെയ്യാൻ കെ.ആർ.എഫ്.ബിക്കും നഗരസഭയ്ക്കുംനിർദേശം നൽകും
- കളക്ടറുടെ ഓഫീസ്