
അമ്പലപ്പുഴ : റോഡരികിൽ നിൽക്കുമ്പോൾ ലോറി ഇടിച്ച് പരിക്കേറ്റ് ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരുവനന്തപുരം ശംഖുംമുഖം തൈവിളാകം കണ്ണാന്തറ ജോൺ ബോസ്കോയുടെ ഭാര്യ ഹെയ്സിന (52) ആണ് മരിച്ചത്. അപകടത്തിൽ ഹെയ്സിനയുടെ മാതാവ് കാർമ്മലും (85) മരിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെ ദേശീയപാതയിൽ കലവൂർ കൃപാസനം ആരാധനാലയത്തിന് സമീപമായിരുന്നു അപകടം. കൃപാസനത്തിൽ ആരാധനയ്ക്കെത്തിയ ഇരുപതംഗ സംഘത്തിൽപ്പെട്ട കാർമ്മലും ഹെയ്സിനയും തങ്ങൾ വന്ന ബസ് കാത്ത് റോഡരികിൽ നിൽക്കുമ്പോൾ ലോറി ഇടിച്ചിടുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പേ കാർമ്മൽ മരിച്ചിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന ഹെയ്സിന തിങ്കളാഴ്ച രാത്രിയിലാണ് മരിച്ചത്. ഹെയ്സിനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.