
ആലപ്പുഴ: ഇഷ്ടപ്പെട്ട ഹോട്ടലുകളിലെ ഭക്ഷണം വീട്ടിലെത്തിക്കാൻ
വിതരണ ശൃംഖലയുമായി മലയാളിയുടെ സ്വന്തം 'ലൈലോ". ഭക്ഷണം മാത്രമല്ല, മീനും ഇറച്ചിയും പാലും കൊണ്ടുത്തരും.
കേന്ദ്രസർക്കാരിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ രാജ്യത്തെ യുവസംരംഭകരെയെല്ലാം പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തിയ ചേർത്തലക്കാരൻ ജോയ് സെബാസ്റ്റ്യനും കൂട്ടുകാരുമാണ് ഇതിനുപിന്നിൽ.
ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ മത്സ്യത്തൊഴിലാളിയായിരുന്ന സെബാസ്റ്റ്യന്റെയും മേരിയുടെയും മകനായ ജോയ് സെബാസ്റ്റ്യന് കഷ്ടപ്പാടിന്റെ വിലയറിയാം. ഡെലിവറി സ്റ്റാഫിനടക്കം എഗ്രിമെന്റ് വഴി ജോലി സ്ഥിരതയും മിനിമം കൂലിയും ഉറപ്പാക്കിയത് അതുകൊണ്ടാണ്. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് നിലവിലെ സേവനം. പുതുവർഷാരംഭത്തിൽത്തന്നെ കേരളം മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം. സുഹൃത്തുക്കളും വിദേശ മലയാളികളുമായ ചെങ്ങന്നൂർ, കൊല്ലം സ്വദേശികളുമായി കൈകോർത്താണ് 'ലൈലോ" ആവിഷ്കരിച്ചത്.
സോണൽ സ്റ്റാർട്ടപ്പ്
ഓരോ സോണിലും യുവാക്കളുടെ വിവിധ സ്റ്റാർട്ടപ്പുകൾക്കായിരിക്കും ഓർഡറിന്റെയും ഡെലിവറിയുടെയും ചുമതല.
സാധാരണ ഓൺലൈൻ ഭക്ഷണ വിതരണത്തിൽ സ്റ്റാർട്ടപ്പ് പ്ലാറ്റ്ഫോമുകൾ 25 മുതൽ 35 ശതമാനം വരെ കമ്മിഷൻ വാങ്ങാറുണ്ട്. 10 മുതൽ 15 ശതമാനം മാത്രം വാങ്ങാനാണ് ഇവരുടെ തീരുമാനം.
ഭക്ഷണ വിതരണത്തിന് പ്രചോദനം?
കൊല്ലം ടി.കെ.എം എൻജിനയറിംഗ് കോളേജിൽ നിന്ന് എം.സി.എ ബിരുദം നേടിയ ശേഷം 2009ലാണ് ടെക്ജെൻഷ്യ എന്ന ഐ.ടി സ്ഥാനം ചേർത്തല ഇൻഫോപാർക്കിൽ ജോയ് സെബാസ്റ്റ്യൻ ആരംഭിച്ചത്. യൂറോപ്പിലെയും യു.എസിലെയും ഏഷ്യയിലെയും കമ്പനികൾക്കും വേണ്ടി വീഡിയോ കോൺഫറൻസ് ഡൊമൈനിൽ ഗവേഷണ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട്
2020ലാണ് കേന്ദ്രസർക്കാരിന്റെ ഇന്നവേഷൻ ചലഞ്ചിൽ ഒന്നാമനായത്. രാജ്യത്തെ രണ്ടായിരത്തോളം കമ്പനികളിൽ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്. ടെക്ജെൻഷ്യ വികസിപ്പിച്ച 'വി കൺസോൾ" ആണ് വിജയം സമ്മാനിച്ചത്. അതിലെ വിജയം ഭക്ഷണ വിതരണ മേഖലയിലേക്ക് കടക്കാനും പ്രചോദനമായി. ലൈവ് ലോക്കൽ ഇ കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ലൈലോ.
'ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പാക്കുക, ഉപഭോക്താക്കൾക്ക് പരമാവധി കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈലോയുടെ പ്രവർത്തനം".
- ജോയ് സെബാസ്റ്റ്യൻ,
സി.ഇ.ഒ ടെക്ജെൻഷ്യ